ഹോട്ടല്‍ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധയെന്നു സംശയം; മൂന്നുപേര്‍ ആശുപത്രിയില്‍
1575313
Sunday, July 13, 2025 6:49 AM IST
പേരൂര്‍ക്കട: ഹോട്ടല്‍ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധയെന്നു സംശയം, ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മണക്കാട് മഹാറാണി ജംഗ്ഷനിലെ ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും ശരീരത്തളര്ച്ചയും അനുഭവപ്പെട്ടത്.
ഇന്നലെ ഉച്ചതിരിഞ്ഞാണ് കല്ലാട്ടുമുക്ക് സ്വദേശികളായ 39 വയസുകാരിക്കും 21കാരനും അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയനുഭവപ്പെട്ടത്. അമ്പലത്തറയില്‍നിന്ന് ആഹാരം കഴിക്കാന്‍ ഇതേ ഹോട്ടലിലെത്തിയ ഒരു 15-കാരനും ശാരീരിക അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സ തേടി.
മൂവരും അമ്പലത്തറ അല്‍-അരീഫ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരാതിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു.