കുടിവെള്ള പ്രശ്നത്തിന് പരിഹാരം: എംഎൽഎ 75 ലക്ഷം രൂപ അനുവദിച്ചു
1282965
Friday, March 31, 2023 11:23 PM IST
കുണ്ടറ: പെരിനാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് നടപടി ആരംഭിച്ചു. കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിനായി പി. സി.വിഷ്ണുനാഥ് എംഎൽഎയുടെ 2022-23ലെ ആസ്ഥിവികസന ഫണ്ടിൽ നിന്നും എഴുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു.
മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന പെരിനാട് പഞ്ചായത്ത്, കുന്നത്തൂർ, കൊല്ലം മണ്ഡലങ്ങളിലെ പനയം, തൃക്കരുവ, മൺട്രോത്തുരുത്ത് പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. പെരിനാട് പഞ്ചായത്തിൽ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റ് സ്ഥാപിക്കുന്നതിനായി പഞ്ചായത്തിൽ സ്ഥലം കണ്ടെത്തിയിരുന്നു.
പി. സി. വിഷ്ണുനാഥ് എംഎൽഎ ധനവകുപ്പിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് തുക അനുവദിച്ചത്. പദ്ധതി നടപ്പിലാക്കുന്നതോടെ നാല് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
കാപ്പ പ്രകാരം
നാട് കടത്തി
പാരിപ്പള്ളി : പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നതും നിരവധി കേസുകളിൽ പ്രതിയുമായ പാരിപ്പള്ളി കോട്ടയ്ക്കാറം കിഴക്കേ വിള വീട്ടിൽ മഞ്ചേഷി(32)നെ കാപ്പ നിയമപ്രകാരം നാടു കടത്തി.
ദക്ഷിണമേഖല ഡിഐ ജി യാണ് ആറു മാസക്കാലത്തേക്ക് കൊല്ലം സിറ്റി പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിട്ടുള്ളത്.
പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽ ജബാർ കൊല്ലം സിറ്റി പോലീസ് മേധാവി മുഖാന്തിരം സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവ്. ഇന്ന് മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും.