മദ്യവില്പന പിടിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ പരാക്രമം; യുവാവ് അറസ്റ്റിൽ
1573516
Sunday, July 6, 2025 8:06 AM IST
ആലക്കോട്: അനധികൃത മദ്യവില്പന പിടിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ യുവാവിന്റെ പരാക്രമം. തിമിരി ചെറുപാറയിലെ ശിവപ്രകാശാണ് (45) റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അക്രമിക്കാൻ ശ്രമിച്ചത്. ഇയാളെ പിന്നീട് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടർന്നാണ് ഇന്നലെ എക്സൈസ് സംഘം ശിവപ്രകാശിന്റെ വീട്ടിലെത്തുന്നത്. അനധികൃത വില്പനയ്ക്കായി വീട്ടിലെ രഹസ്യ അറകളിലും സ്കൂട്ടറിലുമായി ഒളിപ്പിച്ച 15.5 ലിറ്റർ വിദേശമദ്യം അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു.
പരിശോധനയ്ക്കിടയിൽ ശിവപ്രകാശ് എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ കത്തി വീശുകയായിരുന്നു. സ്വയം കൈത്തണ്ട മുറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ എക്സൈസ് ശിവപ്രകാശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സ്കൂട്ടറും പിടിച്ചെടുത്തു. കോടതി റിമാൻഡ് ചെയ്ത ശിവപ്രകാശിനെ ചികിത്സയ്ക്കായി കുതിരവട്ടം മനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
അസി. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. തോമസ്, സിവിൽ ഓഫീസർമാരായ കെ.വി. സന്തോഷ്, ടി. പ്രണവ്, വി.പി. വിദ്യ, എം.മുനീറ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.