കനത്ത മഴയിലും തളരാതെ വൈദ്യുത ഭവൻ മാർച്ച്
1573528
Sunday, July 6, 2025 8:06 AM IST
ആലക്കോട്: കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈനുമായി ബന്ധപ്പെട്ട ഭൂമിയും വീടും നഷ്ടപ്പെടുന്ന കർഷകർ കനത്ത മഴ വകവയ്ക്കാതെ ആലക്കോട് വൈദ്യുത ഭവനിലേക്ക് മാർച്ചും ധർണയും നടത്തി. ഭൂമിയും വീടും നഷ്ടപ്പെടുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകി പാക്കേജിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തിരുന്നു. കമ്മിറ്റിയും ജനപ്രതിനിധികളും മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി പാക്കേജ് പ്രഖ്യാപിച്ചത് ഭൂമി നഷ്ടപ്പെടുന്ന കൃഷിക്കാർ അംഗീകരിക്കാത്തതിനാലാണ് സമരത്തിനിറങ്ങിയതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് ടവർ നിർമിക്കുന്ന ഭൂമിക്ക് സെന്റിന് ഒരുലക്ഷം രൂപയും ലൈൻ കടന്നു പോകുന്ന ഭൂമിക്ക് സെന്റിന് 50,000 രൂപയും കിട്ടണം എന്നാണ് എംഎൽഎമാരും ആക്ഷൻ കമ്മിറ്റിയും മുന്നോട്ടുവച്ച നിർദേശം. വീട് പൂർണമായി നഷ്ടപ്പെടുന്ന കൃഷിക്കാർക്ക് ചതുരശ്രയടിക്ക് 2500 രൂപയും വിളകൾ മുറിച്ചു മാറ്റേണ്ടിവരുന്ന കൃഷിക്കാർക്ക് വിളകൾക്ക് ന്യായമായ നഷ്ടപരിഹാരവും കൊടുത്താൽ മാത്രമേ ഭൂമിയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിലപാട് മന്ത്രി വിളിച്ച യോഗത്തിൽ സമരസമിതി മുന്നോട്ടു വച്ചതാണ്.
എന്നാൽ, കെഎസ്ഇബി അറിയിക്കുന്ന നഷ്ടപരിഹാരം വിഭിന്നമായതാണ് നഷ്ടപരിഹാരത്തുക തുച്ഛമാകാൻ കാരണമാകുന്നത്. കർഷകർക്ക് നഷ്ടമാകുന്നതിന്റെ അഞ്ചിൽ ഒന്നുപോലും ലഭ്യമാകുന്നില്ലെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു. ഈ ആവശ്യങ്ങൾ ഒന്നു പോലും പരിഗണിക്കാതെയും സർവേ പൂർത്തീകരിക്കാതെയും ഉടമകളെ വിവരം അറിയിക്കാതെയും വിളകളുടെ കണക്കെടുപ്പ് പൂർത്തീകരിക്കുകയോ ചെയ്യാതെയുമാണ് പാക്കേജ് പ്രഖ്യാപിച്ചത്.
കർഷകരുടെ ഭൂമിയിൽ നിന്നു മുറിച്ചുമാറ്റേണ്ടി വരുന്ന വൃക്ഷങ്ങളുടെ എണ്ണം തിട്ടപ്പെടുത്താതെ ഓരോ കർഷകനും ലഭ്യമാക്കുന്ന തുക ഏകപക്ഷീയമായി പ്രഖ്യാപിച്ചത് കർഷകരെ കണ്ണീരിലാക്കിയിരിക്കുകയാണ്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ അനുവദിച്ചു കൊടുക്കില്ലെന്ന് സമരസമിതി ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും കർഷകരുമായി കൂടിയാലോചിച്ച് പ്രഖ്യാപിക്കുകയും തുക കർഷകരുടെ അക്കൗണ്ടിൽ വരികയും ചെയ്തതിനുശേഷമേ ഭൂമിയിൽ പ്രവൃത്തി ചെയ്യാൻ കെഎസ്ഇബിയെ അനുവദിക്കുകയുള്ളൂവെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഏക്കറു കണക്ക് സ്ഥലവും വീടും നഷ്ടപ്പെടുന്ന കർഷകർക്ക് തുച്ഛമായ തുക മാത്രം പ്രഖ്യാപിച്ച് കർഷകരെ വഞ്ചിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു. അരങ്ങം പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും മാർക്കറ്റിംഗ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി കൺവീനർ ടോമി കുമ്പിടിയമാക്കൽ അധ്യക്ഷത വഹിച്ചു. വി.എ. റഹിം, ബിജു പുളിയൻതൊട്ടി, ജോഷി കണ്ഠത്തിൽ, വി.യു. അബ്ദുള്ള, ബാബു പള്ളിപ്പുറം, അപ്പുക്കുട്ടൻ സാമ്യമഠം, സിബിച്ചൻ കളപ്പുര എന്നിവർ പ്രസംഗിച്ചു.
പദ്ധതിയോട് അനുബന്ധിച്ച് വീടും കൃഷി ഭൂമിയും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെയും സമരസമിതി ഭാരവാഹികളുടെയും യോഗം ഇന്ന് ചേരും. ശ്രീകണ്ഠപുരം വ്യാപാര ഭവനിൽ വൈകുന്നേരം അഞ്ചിന് സജീവ് ജോസഫ് എംഎൽഎയാണ് യോഗം വിളിച്ചത്.