മോഷണത്തിനിടെ കുഞ്ഞിനെ ചവിട്ടി രക്ഷപ്പെട്ട പ്രതി പിടിയിൽ
1573525
Sunday, July 6, 2025 8:06 AM IST
കുമ്പള: കവർച്ചാശ്രമത്തിനിടെ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടിയതിനെ തുടർന്നുണ്ടായ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ട മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിലായി. കുബണൂർ സഫ നഗറിലെ വാടക ഫ്ളാറ്റിൽ താമസിക്കുന്ന കയ്യാർ സ്വദേശി കലന്തർ ഷാഫി (34) യെയാണ് കുമ്പള എസ്ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ കയ്യാർ ജോഡ്കല്ലിലെ കെ. ഹരീഷിന്റെ വീടിന്റെ അടുക്കളവാതിൽ തള്ളിത്തുറന്ന് അകത്തുകയറിയത്. കിടപ്പുമുറിയിലെത്തി സാധനങ്ങൾ കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടിയത്.
കുഞ്ഞ് ഞെട്ടിയുണർന്ന് കരഞ്ഞതോടെ വീട്ടുകാർ ഉറക്കമുണരുകയും ഷാഫി ഓടി രക്ഷപ്പെടുകയുമായിരുന്നു. പുറത്ത് ഒരു ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടതായി ഹരീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷയേയും ഷാഫിയേയും കണ്ടെത്തിയത്. നാലുവർഷം മുമ്പ് അഞ്ചുകിലോ കഞ്ചാവ് കടത്തിയ കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ഷാഫിയെന്ന് പോലീസ് അറിയിച്ചു.