ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം: മാര്ട്ടിന് ജോര്‍ജ്
1461633
Wednesday, October 16, 2024 7:49 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും പി.പി. ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത നടപടിയാണ് ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു പെട്രോള്‍ പമ്പിന്റെ കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള പ്രത്യേക താത്പര്യം എന്താണെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. അഥവാ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ പരാതി ഉത്തരവാദപ്പെട്ട അധികാരികള്‍ക്ക് നല്‍കണം. അല്ലാതെ തന്റെ കൈവശം തെളിവുണ്ടെന്നും സര്‍ക്കാര്‍ ജോലി ഇല്ലാതാകാന്‍ ഒരുനിമിഷം മതിയെന്നും പറഞ്ഞ് ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
ദിവ്യ ജാഗ്രത പാലിക്കണമായിരുന്നു: സി.പി. സന്തോഷ്കുമാര്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാർ.യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും സി.പി.സന്തോഷ് കുമാർ പറഞ്ഞു.
കൊലക്കുറ്റത്തിന് കേസെടുക്കണം: ബിജെപി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ക്രിമിനൽ കുറ്റത്തിനും കൊലക്കുറ്റത്തിനും കേസെടുക്കണമെന്ന് ബിജെപി ദേശീയ നിർവഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ജില്ലാപ്രസിഡന്റ് എൻ. ഹരിദാസും ആവശ്യപ്പെട്ടു.
കൊലക്കുറ്റത്തിന് കേസെടുക്കണം: മുസ്ലിം ലീഗ്
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയും ജനറല്‍ സെക്രട്ടറി കെ.ടി സഹദുള്ളയും ആവശ്യപ്പെട്ടു. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് ലീഗ് നേതാക്കൾ സിറ്റി പോലീസ് കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടു.
രാജിവയ്ക്കുംവരെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജിവയ്ക്കും വരെ പ്രതിഷേധ സമരങ്ങള്‍ തുടരുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്. എഡിഎമ്മിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സത്യസന്ധമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
നരഹത്യക്ക് കേസെടുക്കണം: എസ്ഇയു
കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെ പരസ്യമായി അവഹേളിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന് (എസ്ഇയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണപക്ഷ നേതാക്കളുടെ ചെയ്തികള്‍ക്കെതിരെ ജീവനക്കാരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും എസ്ഇയു ജില്ലാ പ്രസിഡന്റ് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.