ബാലികയുടെ മൂക്കിനുള്ളിൽ കുടുങ്ങിയ പെൻസിൽ നീക്കം ചെയ്തു
1459788
Tuesday, October 8, 2024 8:28 AM IST
പരിയാരം: അഞ്ചു വയസുകാരിയുടെ മൂക്കിന്റെ ഉൾഭാഗത്ത് കുടുങ്ങിപ്പോയ കല്ലുപെൻസിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ നാസൽ എൻഡോസ്കോപ്പിയുടെ സഹായത്തോടെ പുറത്തെടുത്തു. വെള്ളോറ കൊയിപ്രയിലെ ബാലികയുടെ മൂക്കിലാണ് നാലു സെന്റീമീറ്റർ നീളമുള്ള സ്ലേറ്റ് പെൻസിൽ കുടുങ്ങിയത്.
കളിക്കുന്നതിനിടെ കുട്ടി മൂക്കിലിട്ടപ്പോൾ പെൻസിൽ ഉള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. കുട്ടിക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും നീക്കം ചെയ്യാനായില്ല. ഇതോടെ ഞായറാഴ്ച വൈകുന്നേരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇഎൻടി വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചപ്പോൾ പെൻസിൽ ഏറെ ഉള്ളിലാണെന്ന് കണ്ടെത്തി.
എൻഡോസ്കോപ്പി പ്രൊസീജിയർ വിഭാഗത്തിലെ വിദഗദ്ധപരിശോധനയിലൂടെ പെൻസിലിന്റെ സ്ഥാനം കണ്ടെത്തുകയും നൂതനമായ നാസൽ എൻഡോസ്കോപ്പി ഉപകരണത്തിന്റെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. ഇഎൻ ടി വിഭാഗം മേധാവി ഡോ ആർ. ദീപ., ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ കരിഷ്മ, ഡ്യൂട്ടി പിജി ഡോക്ടർ യശസ്വി കൃഷ്ണ എന്നിവരായിരുന്നു എൻഡോസ്കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കുറച്ചുനേരത്തെ നിരീക്ഷണത്തിന് വിധേയമാക്കിയ കുട്ടിയെ പിന്നീട് വീട്ടിലേക്ക് അയച്ചു.