ഇനി തെളിയും ഇരിട്ടിയിലെ വഴിവിളക്കുകൾ
1458885
Friday, October 4, 2024 6:19 AM IST
ഇരിട്ടി: മൂന്നുമാസത്തിനകം മിഴിയടച്ച തലശേരി വളവുപാറ റോഡിൽ കെഎസ്ടിപി സ്ഥാപിച്ചിരുന്ന സോളാർ വഴിവിളക്കുകൾ നഗരസഭ ഇടപെട്ട് വീണ്ടും പ്രകാശിപ്പിക്കുന്നു. ഒന്നിന് ഒരുലക്ഷം രൂപ വീതം മുതൽ മുടക്കി നിർമിച്ച വഴിവിളക്കുകളാണ് മാസങ്ങൾക്കുള്ളിൽ മിഴിയടച്ചത്.
വ്യാപക വിമർശനം ഉയർന്നിരുന്നവെങ്കിലും ലൈറ്റുകൾ പുനഃസ്ഥാപിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ കെഎസ്ടിപി തയാറായില്ല. പ്രദേശം ഇരുട്ടിലായതും ജനങ്ങളുടെ നിരന്തര ആവശ്യവും പരിഗണിച്ചാണ് നഗരസഭ മുന്നിട്ട് ഇറങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
ഒരുമാസത്തിനുള്ളിൽ പുതിയ ലൈറ്റുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. മൂന്നുഘട്ടമായി കളറോഡ് പാലം വരെയുള്ള ലൈറ്റുകൾ മാറ്റി സ്ഥാപിക്കാനാണ് പദ്ധതി. അഴിച്ചുമാറ്റിയ വഴിവിളക്കുകൾ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. 39 ലക്ഷം രൂപയുടെ വസ്തുക്കളാണ് കാടുകയറി നശിക്കുന്നത്.
ഇരിട്ടി പാലം മുതൽ കളറോഡ് പാലം വരെ വരുന്ന സോളാർ വഴിവിളക്കുകൾ മാറ്റി പുതിയ വൈദ്യുത വഴിവിളക്കുകൾ സ്ഥാപിച്ച് പരിപാലിക്കുന്നതിന് സ്വകാര്യ സ്ഥാപനവുമായി നഗരസഭ നടത്തിപ്പ് കരാർ ഒപ്പിട്ടിരിക്കുകയാണ്. ഏഴുവർഷമാണ് നടത്തിപ്പ് കാലാവധി.
ഡിവൈഡറിൽ ഉൾപ്പെടെ പൂച്ചെടികൾ വച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരണം ഉൾപ്പെടെ പൂർണ ചുമതല ഈ സ്ഥാപനത്തിനാണ്. ഡിവൈഡർ വഴിവിളക്കുകൾ ഉൾപ്പെടെ പരസ്യ ബോർഡുകൾ വയ്ക്കുന്നതിന് സ്ഥാപനത്തിനാണ് അധികാരം. 75 ലക്ഷം രൂപയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. സ്ഥാപനം തന്നെയാണ് ഇതിന്റെ ചെലവുകൾ വഹിക്കുന്നത്.