മടമ്പം: ശ്രീകണ്ഠപുരം നഗരസഭയേയും ബ്ലാത്തൂരിനെയും ബന്ധിപ്പിക്കുന്ന കാഞ്ഞിലേരി- മൈക്കിൾഗിരി ബ്ലാത്തൂർ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. കാഞ്ഞിലേരി, ബ്ലാത്തൂർ പ്രദേശത്തുകാരെ ബന്ധിപ്പിക്കുന്ന മൈക്കിൾഗിരി വഴിയുള്ള നാല് കിലോമീറ്റർ റോഡിന്റെ രണ്ടരക്കിലോമീറ്റർ നഗരസഭയുടെ കീഴിലും ഒന്നരക്കിലോമീറ്റർ പടിയൂർ പഞ്ചായത്തിന് കീഴിലുമാണ്. ഇതിൽ ശ്രീകണ്ഠപുരം നഗരസഭാ ഭാഗത്തെ റോഡ് പൂർണമായും റീടാർ ചെയ്തിരുന്നു. എന്നാൽ പടിയൂർ പഞ്ചായത്തിനു കീഴിൽ വരുന്ന ചെറിയ ഒരു ഭാഗം റിപ്പയർ ചെയ്യാത്തതാണ് ഗതാഗതം പൂർണമായും നിലയ്ക്കുന്ന അവസ്ഥയിലെത്തിച്ചത്. മൈക്കിൾഗിരി മുതൽ ബ്ലാത്തൂർ വരെ ഇരുചക്രവാഹന യാത്ര പോലും ദുസഹമാണ്.