പണി പൂർത്തിയായിട്ടും "ഓഫീസ് നിശ്ചലം'
1453947
Wednesday, September 18, 2024 1:27 AM IST
തളിപ്പറമ്പ്: ഓഫീസ് പണിപൂര്ത്തിയാക്കിയിട്ട് 10 വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ തളിപ്പറമ്പിലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കരിമ്പം ജില്ലാ കൃഷിഫാം ഓഫീസ് കെട്ടിടം. മുകള്‍നില കൂടി പണിതാലേ പ്രവർത്തനം തുടങ്ങാൻ പറ്റൂ എന്നാണ് അധികൃതർ പറയുന്നത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഫാമില്‍ 65 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഓഫീസ് മന്ദിരം നിർമിച്ചത്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള വന്മരങ്ങള് മുറിച്ചുമാറ്റിയാണ് ഓഫീസ് നിർമിച്ചത്. എന്നാല്‍, ഇതിൽ മതിയായ സൗകര്യമില്ലെന്ന കാരണത്താൽ പ്രവർത്തനം തുടങ്ങിയില്ല. വർഷങ്ങൾക്ക് ശേഷം ഈ കെട്ടിടത്തിന് ഒരു ഒന്നാംനില പണിയാനുള്ള എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിച്ചിരിക്കുകയാണെന്നും അതിന്റെ നിർമാണ പ്രവൃത്തി തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നുമാണ് അധികൃതർ പറയുന്നത്.
പണിപൂര്‍ത്തിയായി പത്തു വര്‍ഷമായ കെട്ടിടം അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ശോചനീയാവസ്ഥയിലാണ്. കെട്ടിടത്തിന്റെ കവാടത്തിന്റെ മേൽക്കൂരയും തകരാൻ തുടങ്ങി. നിലവിൽ, പഴയ കെട്ടിടത്തിൽ ഏറെ പരിമിതികളോടെയാണ് ജില്ലാ കൃഷിഫാം ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത്.
നിരവധി പടവുകൾ കയറിവേണം ഓഫീസിൽ എത്തപ്പെടാൻ. അംഗപരിമിതർക്കും ശാരീരിക പ്രശ്നങ്ങൾ ഉള്ളവർക്കും ഇതു ഏറെ പ്രയാസകരമാണ്. പുതിയ ഓഫീസിന്റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.