പിണറായി സർക്കാർ കർഷക വഞ്ചന അവസാനിപ്പിക്കണം: കർഷക കോൺഗ്രസ്
1453170
Saturday, September 14, 2024 1:44 AM IST
ഉളിക്കൽ: ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കർഷക ക്ഷേമനിധി ബോർഡ് പദ്ധതി ധനകാര്യ വകുപ്പ് അനുമതി കൊടുക്കാതെ കർഷകരെ വഞ്ചിക്കുകയാണെന്ന് കർഷക കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റി. കർഷക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 60 വയസ് കഴിഞ്ഞാൽ മിനിമം 5000 രൂപ പെൻഷനും മറ്റ് നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് 30 ലക്ഷം കർഷകരെ പദ്ധതിയിൽ അംഗങ്ങളാക്കുമെന്നു തുടങ്ങിയ പദ്ധതിയിൽ ഇരുപതിനായിരത്തിൽ താഴെ കർഷകർ മാത്രം ചേർന്നതായി മനസിലാക്കുന്നു.
എൽഡിഎഫിലെ രണ്ടാം സ്ഥാനക്കാരായ സിപിഐയുടെ കർഷകസംഘടന അടക്കം സമരപ്രഖ്യാപനം നടത്തിയിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തത് ഇടതു സർക്കാരിന്റെ കേരളത്തിലെ കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.
യോഗത്തിൽ കർഷ കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ജയിംസ് ഇളംപള്ളൂർ അധ്യക്ഷത വഹിച്ചു. ഉളിക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി ജോസഫ് മുക്കനോലി, കർഷക കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് റോയി ഇറ്റക്കൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ മാത്യു മറ്റത്തിനാനി, സണ്ണി കുന്നത്തട്ട്, മേഴ്സി തുരുത്തേൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ജിജി ഓടയ്ക്കൽ, പുഷ്പ വെള്ളാപ്പാട്ട്, തോമസ് കരിമ്പനക്കൽ, കർഷക കോൺഗ്രസ് ഉളിക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് മായിൻ നുച്യാട്. കർഷക കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ബേബി കുളക്കാട്ടുലി എന്നിവർ പ്രസംഗിച്ചു.