നൈപുണ്യ വികസനം നേടിയവർക്ക് വിദേശത്ത് അവസരങ്ങളുടെ പെരുമഴ
1451722
Sunday, September 8, 2024 7:33 AM IST
കണ്ണൂർ: നൈപുണ്യ വികസനം നേടിയവർക്ക് ജർമനിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ അവസരങ്ങളുടെ പെരുമഴയാണെന്ന് കണ്ണൂരിൽ സംസ്ഥാന നൈപുണ്യ വികസന മിഷനും കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയ്സ്) ജില്ലാ ഭരണകൂടവും ജില്ലാ സ്കിൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഉച്ചകോടി (ട്രെയിനിംഗ് സർവീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ്)ചൂണ്ടിക്കാട്ടി.
വിദേശത്ത് വൻതോതിൽ അവസരങ്ങൾ ലഭ്യമാകുമ്പോൾ വിദ്യാർഥികൾ അതിന് അനുസരിച്ച രീതിയിൽ നൈപുണ്യ വികസനം നേടണം. വിവിധ തൊഴിൽ മേഖലകളിൽ പ്രസക്തരായി നിലനിൽക്കാൻ നൈപുണ്യ വികസനം അനിവാര്യമാണ്. നൈപുണ്യ വികസനം രണ്ടാംകിടയായ ഒന്നല്ല.
2030ഓലെ ലോകത്താകമാനം നോക്കിയാൽ അധികമായി മാനുഷിക വിഭവശേഷി ഉള്ള ഒരോയൊരു രാജ്യം ഇന്ത്യയാവും എന്ന് ഐഎൽഒ പറയുന്നു. അതായത് ലോകത്ത് അഞ്ച് നിയമനം നടന്നാൽ അതിൽ മൂന്നെണ്ണം ഇന്ത്യയിലാവും. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള നമ്മളും വിദ്യാർഥികളും തയാറെടുക്കണമെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, കെയ്സ് സിഒഒ ടി വി വിനോദ്, കെയ്സ് ജില്ലാ സ്കിൽ കോ-ഓർഡിനേറ്റർ വി.ജെ. വിജേഷ്, തലശേരി എൻടിടിഎഫ് പ്രിൻസിപ്പൽ ആർ. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.