ഉരുവച്ചാലിൽ റോഡിലും കടകളിലും വെള്ളം കയറി നാശനഷ്ടം
1444701
Wednesday, August 14, 2024 1:42 AM IST
മട്ടന്നൂർ: കനത്ത മഴയിൽ ഉരുവച്ചാലിൽ റോഡിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലാണ് ഉരുവച്ചാല്‍-ശിവപുരം റോഡിലും മട്ടന്നൂർ റോഡിൽ ഐഎംസി ആശുപത്രിയുടെ മുന്നിലും വെള്ളം കയറിയത്. ശിവപുരം റോഡിലെ ബസ് സ്റ്റോപ്പ് ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. റോഡിൽ നിറയെ വെള്ളം കയറിയത് വ്യാപാരികളേയും നാട്ടുകാരേയും ആശങ്കയിലാക്കി.
വെള്ളം ഉയർന്നതോടെ അല്പ നേരം ഗതാഗതവും തടസപ്പെട്ടു. മട്ടന്നൂരിൽ നിന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഓവുചാലിലെ മാലിന്യം നീക്കം ചെയ്തതോടെയാണ് വെള്ളം കുറഞ്ഞു തുടങ്ങിയത്. ഡി. സനീറിന്റെ ഉരുവച്ചാൽ ട്രേഡിംഗ് കമ്പനി, പലചരക്ക് കട, റാജിഫിന്റെ മധുരിമ ബേക്കറി, മുനീറിന്റെ പച്ചക്കറി കട, വി.സി. ചന്ദ്രന്റെ വിസി ടൈംസ്, സുഖിനേഷിന്റെ പച്ചക്കറിക്കട, ഡോ. കെ.ടി. സുധീർ ഹോമിയോ ക്ലിനിക്, പി.കെ. ജുനൈദിന്റെ മൊബൈൽ ലോഞ്ച്, അനീസിന്റെ ഫ്ലവേർസ് ഫുട്ട് വേർ, വി.പി. അഷ്റഫിന്റെ വി.പി. സ്റ്റോർ, എന്നീ വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് വെള്ളം കയറി നാശമുണ്ടായി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് സ്ഥലം സന്ദർശിച്ചു.