വയനാട്ടിലെ ദുരന്തഭൂമിയിൽ കർമനിരതരായി ആലക്കോട്ടെ യുവാക്കൾ
1442626
Wednesday, August 7, 2024 1:56 AM IST
ആലക്കോട്: വയനാട്ടിലെ ദുരന്ത ഭൂമിയിലെ ഹൃദയഭേദകമായ കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു തങ്ങളുടെ കർമ മണ്ഡലങ്ങളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നേവി അടക്കമുള്ള സംവിധാനങ്ങളോടു ചേർന്നു പ്രവർത്തിച്ചവരാണ് ആലക്കോട് സ്വദേശികളായ സി.പി. ബിജുമോനും വിനോദും രഞ്ജിത്ത് കൃഷ്ണനും. ആറു ദിവസമാണ് ഇവർ ഈ പ്രദേശത്ത് കഠിനാധ്വാനം ചെയ്തത്.
സി.പി. ബിജുമോൻ തന്റെ ജാക്കി ഹാമർ എയർ കംപ്രസർ ഉപയോഗിച്ച് ദുരന്തസ്ഥലത്ത് കല്ലുകൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തപ്പോൾ രഞ്ജിത്ത് ആലക്കോട് സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ പരിക്കു പറ്റിയവരെയും മരിച്ചവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആലക്കോട് എസ്ഐ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ദുരന്തം ഉണ്ടായതിന്റെ അടുത്ത രാത്രിയിൽ കിലോമീറ്ററോളം സഞ്ചരിച്ചാണ് ബിജുമോൻ ചൂരൽമലയിലേക്കു പോയത്. ദുരന്തം അറിഞ്ഞപ്പോൾ തന്നെ മനസുകൊണ്ട് ആഗ്രഹിച്ചതാണ് അവിടെ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കണമെന്ന്.
സഹായി വിനോദും രക്ഷാപ്രവർത്തനത്തിൽ ബിജുവിനൊപ്പം ഉണ്ടായിരുന്നു. ചൂരൽ മലയിൽ എൻഡിആർഎഫ് സംഘത്തിനൊപ്പം ഉരുൾപൊട്ടലിൽ വന്നടിഞ്ഞ കൂറ്റൻ പാറകളും തകർന്നടിഞ്ഞ കോൺക്രീറ്റ് കെട്ടിടങ്ങളും പൊട്ടിച്ചു നീക്കുന്ന കഠിനമായ പ്രവൃത്തിയാണ് ബിജു നടത്തിയത്.
കളക്ടറുടെ അഭ്യർഥനപ്രകാരം ജൂലൈ 30 നായിരുന്നു ആലക്കോട് പി. ആർ. രാമവർമരാജ സഹകരണ ആശുപത്രിയുടെ ആംബുലൻസുമായി അരങ്ങം സ്വദേശിയായ രഞ്ജിത്ത് കൃഷ്ണൻ ചൂരൽമലയിലേക്കു പോയത്.
ദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചും മരിച്ചവരുടെ മൃതദേഹങ്ങൾ അവിടെനിന്നു നീക്കം ചെയ്തും അദ്ദേഹവും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. മനസും ശരീരവും തളർത്തുന്ന ഭയാനക കാഴ്ചകൾ ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് ബിജുമോനും വിനോദും രഞ്ജിത്തും പറയുന്നു.