മുടിക്കയത്ത് കാട്ടാന കൃഷി നശിപ്പിച്ചു
1442372
Tuesday, August 6, 2024 1:44 AM IST
ഇരിട്ടി: മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കൊല്ലറാം ജോജോ, കൊല്ലറാം ബാബു, അലാനിക്കൽ ബാസ്റ്റി എന്നവരുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ് തുടങ്ങിയവയാണ് നശിപ്പിച്ചത്. കർണാടക വനത്തിൽ നിന്ന് കുത്തിയൊഴുകുന്ന ബാരാപോൾ പുഴ മുറിച്ചു കടന്നാണ് കാട്ടാന ജനവാസ മേഖലയിലെത്തിയത്. മാസങ്ങൾക്ക് മുന്പ് പാലത്തുംകടവ് മുടിക്കയം ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. അന്ന് ജനകീയ പ്രതിഷേധത്തെ തുടർന്ന് ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നതതല സംഘം സ്ഥലത്തെത്തി ജനങ്ങളുമായി ചർച്ച നടത്തുകയും കാട്ടാന ശല്യം തടയാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. കർണാടക അതിർത്തിയിൽ അടിയന്തരമായി സോളാർ തൂക്കുവേലി നിർമിക്കുമെന്നും അറിയിച്ചിരുന്നു.
52 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ നടത്തിപ്പുമായി സഹകരിക്കുന്നതിന് സ്ഥലം ഉടമകളുടെ യോഗവും നടത്തിയിരുന്നു. വേലിയുടെ നിർമാണം ഏറ്റെടുക്കാമെന്ന് കെപിഎച്ച്സിസി റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. സോളാർ തൂക്കുവേലി നിർമാണം വൈകുന്നതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.