മലയോരത്തു നിന്നൊരു ഐഐടി സ്വപ്നം
1435285
Friday, July 12, 2024 1:46 AM IST
ചിറ്റാരിക്കാല്‍: സംസ്ഥാന എന്‍ജിനിയറിംഗ് പൊതു പ്രവേശനപരീക്ഷയായ കീമില്‍ ചിറ്റാരിക്കാല്‍ സ്വദേശി ജോണ്‍സ് സെബാസ്റ്റ്യന്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒന്നാമതെത്തി. 600ല്‍ 564 മാര്‍ക്ക് സ്കോര്‍ ചെയ്ത ജോണ്‍സ് സംസ്ഥാനതലത്തില്‍ 88-ാം റാങ്ക് കരസ്ഥമാക്കി. ഐഐടി/എന്‍ഐടികളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍സില്‍ 2,743-ാം റാങ്കും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ 8,444-ാം റാങ്കും ജോണ്‍സ് കരസ്ഥമാക്കിയിരുന്നു.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ജോണ്‍സിന് നിലവില്‍ സൂറത്കല്‍ എന്‍ഐടിയില്‍ അഡ്മിഷന് ലഭിച്ചിട്ടുണ്ട്. ഐഐടിയാണ് ജോണ്‍സിന്റെ സ്വപ്നം. ഗുവഹത്തി ഐഐടിയില്‍ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാംക്ലാസ് വരെ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസില്‍ പഠിച്ച ജോണ്‍സിന് പിന്നീട് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അഡ്മിഷന് ലഭിച്ചു. പത്താംക്ലാസ് വരെ ഇവിടെയാണ് പഠിച്ചത്. എന്‍ട്രന്‍സ് ലക്ഷ്യവുമായി പ്ലസ്ടു പഠനത്തിനായി കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളില്‍ ചേര്‍ന്നു. ഒപ്പം പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ കോച്ചിംഗുമുണ്ടായിരുന്നു.
അധ്യാപകദമ്പതികളായ പൂവത്താനിക്കല്‍ പി.എ.സെബാസ്റ്റ്യന്റെയും (റിട്ട.മുഖ്യാധ്യാപകന്‍, കണ്ണിവയല്‍ ജിയുപിഎസ്) മേഴ്സിക്കുട്ടി തോമസിന്റെയും (റിട്ട.മുഖ്യാധ്യാപിക കടുമേനി സെന്റ് മേരീസ് എച്ച്എസ്) മൂന്നുമക്കളില്‍ ഇളയവനാണ് ജോണ്‍സ്. മൂത്തമകന് ഹൃതിക് ന്യൂസിലന്‍ഡില്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന് അലന് വിഷ്വല്‍ എഫക്ട്സില്‍ ബിരുദാനന്തരബിരുദ പഠനത്തിന് ഫ്രാന്‍സിലേക്ക് പോകാനൊരുങ്ങുകയാണ്.