വളർത്തുമൃഗങ്ങൾക്ക് പേപ്പട്ടിയുടെ കടിയേറ്റു
1431124
Sunday, June 23, 2024 7:29 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ, പാണ്ടിക്കടവ് എന്നിവിടങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. പ്രാപ്പൊയിലിലെ പുത്തൻപുരയ്ക്കൽ ഷാജിയുടെ പശുക്കിടാവ്, വളർത്തുനായ എന്നിവയെ കടിച്ചു പരിക്കേൽപ്പിച്ചു.
ഇന്നലെ രാവിലെ ഒന്പതരയോടെയാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിന്റെ മൂക്കിന് മുകളിൽ ആഴത്തിൽ മുറിവേറ്റു. പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചതായി പറയുന്നു. പാണ്ടിക്കടവിലെ കുര്യാശേരിൽ സുരേഷിന്റെ ആടിനും നായക്കും, പുളിവേലിൽ ജോസിന്റെ പശുവിനും പേപ്പട്ടിയുടെ കടിയേറ്റു.
പാടിയോട്ടുചാൽ മൃഗാശുപത്രിയിൽ നിന്നുമെത്തിയ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കടിയേറ്റ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി.