തലശേരിയിൽ കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ നിരാഹാരസമരം നടത്തി
1430717
Saturday, June 22, 2024 1:01 AM IST
തലശേരി: തലശേരി സിജെഎം കോടതി പരിധിയിലുണ്ടായിരുന്ന ചക്കരക്കൽ പോലീസ് സ്റ്റേഷനെ കണ്ണൂർ കോടതിയുടെ പരിധിയിലാക്കിയതിൽ പ്രതിഷേധിച്ചും തിരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തലശേരി ബാറിലെ അഭിഭാഷകർ ഏകദിന ഉപവാസ സമരം നടത്തി. കോടതി നടപടികൾ ബഹിഷ്കരിച്ചായിരുന്നു ഉപവാസ സമരം.
തലശേരി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസ സമരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എ. സജീവൻ ഉദ്ഘാടനം ചെയ്തു. നിലവിൽ ചക്കരക്കൽ, കൊളവല്ലൂർ പോലീസ് സ്റ്റേഷനും റെയിൽവേ കേസുകളും ഉൾപ്പെട്ടതാണ് തലശേരി സിജെഎം കോടതിയുടെ അധികാര പരിധി. ചക്കരക്കൽ പോലീസ് സ്റ്റേഷൻ കോടതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കുന്നത് കോടതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി.
ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് അരുണിന് ഇത് സംബന്ധിച്ച് ബാർ അസോസിയേഷൻ നിവേദനം നൽകിയിരുന്നു. വിഷയം അനുഭാവ പൂർവം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടാവാഞ്ഞതിനെ തുടർന്നാണ് അഭിഭാഷകർ പ്രത്യക്ഷ സമരമെന്ന നിലയിൽ ഉപവാസം നടത്തിയത്.
തലശേരി ബാർ അസോസിയേഷനു മുന്നിൽ നടത്തിയ സമരത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി.പി. ഗോപാലകൃഷ്ണൻ, അഡ്വ. കെ. വിശ്വൻ എന്നിവർ പ്രസംഗിച്ചു.