അധികൃതർ കാണണം മണിക്കടവിനെയും മണിപ്പാറയെയും
1425132
Sunday, May 26, 2024 8:27 AM IST
ഉളിക്കൽ: മഴക്കാലം ആരംഭിച്ചതോടെ ഉളിക്കൽ പഞ്ചായത്തിലെ കുടിയേറ്റ ഗ്രാമങ്ങളായ മണിക്കടവ്, മണിപ്പാറ പ്രദേശങ്ങൾ ഒറ്റപ്പെടൽ ഭീഷണിയിൽ. പതിറ്റാണ്ടുകൾക്ക് മുന്പ് കുടിയേറിയ ജനതയുടെ വിയർപ്പിന്റെ ഫലങ്ങളായ കൃഷിയിടങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമങ്ങളാണ് മണിക്കടവും മണിപ്പാറയും. ഉളിക്കൽ, പയ്യാവൂർ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശം കൂടിയായ രണ്ട് ഗ്രാമങ്ങളിൽ മണിക്കടവ് കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ്. കാലഘട്ടങ്ങളുടെ വളർച്ചക്കൊപ്പം ഇരുഗ്രാമങ്ങളും വികസന കാര്യങ്ങളിൽ വളരെ ദൂരം മുന്നോട്ട് പോയെങ്കിലും പലമേഖലകളിലും അടിസ്ഥാന വികസന രംഗങ്ങളിൽ പിന്നിലേക്ക് പോയി.
കണ്ണൂരിന്റെ ടൂറിസം ഹബ് എന്ന് വിശേഷിപ്പിക്കുന്ന കാഞ്ഞിരക്കൊല്ലിയിലേക്കുള്ള പ്രവേശന കവാടമായ മണിക്കടവിലേക്കുള്ള റോഡുകളുടെ നിലവാരം ശോചനീയമാണ്. വർഷങ്ങളായി പുതുക്കിപണിത റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. മഴക്കാലമായാൽ കരകവിഞ്ഞൊഴുകുന്ന വയത്തൂർ പുഴ മണിക്കടവിനെയും മണിപ്പാറയെയും പുറംലോകവുമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങൾക്ക് മുകളിലൂടെയും കവിഞ്ഞൊഴുകി ദിവസങ്ങളോളം ഇവിടം ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമാണ്. പുഴ കരകവിഞ്ഞ് ഒഴുകുന്നതോടെ അടിയന്തര ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ ചുറ്റി വേണം ഉളിക്കലിൽ എത്താൻ.
അപകടാവസ്ഥയിൽ മൂന്ന് പാലങ്ങൾ
മണിക്കടവിനെയും മണിപ്പാറയെയും പുറം ലോകവുമായി ബന്ധിപ്പിക്കുന്ന വയത്തൂർ പുഴയിലെ മൂന്ന് പാലങ്ങളും അപകടാവസ്ഥയിലാണ്. മാട്ടറയേയും മണിക്കടവിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലം അതീവ അപകട സാധ്യതയുള്ളതാണ്. കർണാടക വനത്തിൽ മഴ പെയ്താൽ വയത്തൂർ പുഴയിൽ വെള്ളം ഉയരും. ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളിൽ ഒന്നായ വട്ടിയാംതോട് പാലത്തിന്റെ കൈവരികൾ തകർന്ന് ബലക്ഷയം ബാധിച്ചിരിക്കുകയാണ്.

ഈ പാലം കുടിയേറ്റ ജനതയുടെ ഇച്ഛാശക്തിയുടെ അടയാളം കൂടിയാണ്. പാലം നിർമിക്കാൻ ഭരണകൂടം പരാജയപ്പെട്ടപ്പോൾ തികച്ചും ജനകീയമായി നിർമിച്ച പാലം കൂടിയാണത്. മണിക്കടവ് ഭാഗത്തേക്കുള്ള ബസ് റൂട്ടും ഇതുവഴിയാണ്. മറ്റൊന്ന് ഉളിക്കല്ലിനെയും മണിപ്പാറയെയും ബന്ധിപ്പിക്കുന്ന വയത്തൂർ ചപ്പാത്ത് പാലമാണ്. ഒരുവാഹനത്തിന് കടന്നുപോകാൻ കഴിയുന്ന പാലം മഴക്കാലമായാൽ വെള്ളത്തിനടിയിലാകും. പാലങ്ങൾ പുനർനിർമിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇവിടുത്തെ ജനങ്ങളോടുള്ള മനോഭാവത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
പ്രധാന റോഡുകളും അവഗണനയിൽ
മണിക്കടവിലേക്കും മണിപ്പാറയിലേക്കും എത്തുന്ന പ്രധാന റോഡുകൾ വർഷങ്ങളായി അവഗണനയിലാണ്. ഉളിക്കൽ-മണിക്കടവ് റോഡും നുച്യാട്-മണിപ്പാറ-മണിക്കടവ് റോഡും വർഷങ്ങളായി പുനർനിർമിക്കാതെ തകർച്ചയുടെ വക്കിലാണ്. നിരവധി നിവേദനകളും പരാതികളും നൽകിയെങ്കിലും ഒന്നും അധികാരികളുടെ ശ്രദ്ധയിൽ എത്തിയിട്ടില്ല. അടിയന്തര ആവശ്യമായി പരിഗണിച്ച് പാലവും റോഡും പുനർനിർമിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുകയാണ്.
അവഗണന മൃഗാശുപത്രിയോടും
പൂർണമായും കാർഷിക മേഖലയെ ആശ്രയിച്ചു ജീവിതം നയിക്കുന്ന മേഖലയാണ് മണിക്കടവും മണിപ്പാറയും. ഇവിടങ്ങളിലെ കർഷകരിൽ ഭൂരിഭാഗം പേരും ക്ഷീരകർഷകരാണ്. ഇവരുടെ വളർത്തു മൃഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കണമെങ്കിൽ ഇരിട്ടിയിലോ അറബിയിലോ എത്തേണ്ട ഗതികേടിലാണ്. മണിക്കടവിൽ പള്ളിവക 17.5 സെന്റ് സ്ഥലം മൃഗാശുപത്രിക്ക് സൗജന്യമായി നൽകി കെട്ടിടം അടക്കം നിർമാണം പൂർത്തിയായെങ്കിലും ഇന്ന് കാടുപിടിച്ച് നശിക്കുകയാണ്. അടിയന്തര ആവശ്യങ്ങളുടെ പട്ടികയിൽ അടിയന്തിര പ്രാധ്യാനം ഇതിനു നൽകേണ്ടതാണ്.
മണിക്കടവിന് വേണം വികസനം
പയ്യാവൂർ, നുച്യാട്, വയത്തൂർ വില്ലേജുകളെ വിഭജിച്ച് മണിക്കടവിൽ വില്ലേജ് എന്ന ആവശ്യം ശക്തമാവുകയാണ്. നിലവിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് മണിക്കടവ് നിവാസികൾ സർക്കാർ ഓഫീസുലും മറ്റും എത്തിപ്പെടുന്നത്. മറ്റൊരു അടിയന്തര ആവശ്യമാണ് റെഗുലേറ്റർ കം ബ്രിഡ്ജ്. ഇത് യാഥാർഥ്യമാവുകയാണെങ്കിൽ കുടിവെള്ള ക്ഷാമത്തിനും ജലസേചന സൗകര്യത്തിനും പ്രയോജനപ്പെടും.
മറ്റൊരു പ്രധാന പ്രശ്നമായി തുടരുന്നത് മഴക്കാലം വന്നാൽ ടൗണിൽ വെള്ളം കയറുന്നതാണ്. പുഴക്കും തോടുകൾക്കും സംരക്ഷണ ഭിത്തി നിർമിച്ച്, പുഴയിൽ അടിഞ്ഞുകൂടിയ മണൽ കോരി മാറ്റിയാൽ മാത്രമേ ടൗണിൽ വെള്ളം കയറുന്നത് നിയന്ത്രിക്കാൻ കഴിയുകയുള്ളു. ടൗണിലെ ഓവുചാലുകളും സ്ലാബുകളും കൃത്യമായി സംരക്ഷിക്കണം. സ്കൂളിനോട് ചേർന്ന് ഹൈമാസ്റ്റ് ലൈറ്റ്, ആരോഗ്യ സംരക്ഷണത്തിന് ആരോഗ്യ ഉപകേന്ദ്രം എന്നിവ അടിയന്തര പ്രാധാന്യം അർഹിക്കുന്നു.
400 കെവിയും വന്യമൃഗവും; ആശങ്ക ഒഴിയാതെ മണിക്കടവ്
കരിന്തളം-വയനാട് 400 കെവി ലൈനിലെ നഷ്ടപരിഹാര പാക്കേജിന്റെ അനിശ്ചിതത്വത്തിലാണ് മണിക്കടവിലെ കർഷകർ. മണിക്കടവിൽ 100 കണക്കിന് ഏക്കർ കൃഷി ഭൂമിയാണ് കർഷകന് നഷ്ടമാകുന്നത്. വരുമാനവും ഭൂമിയും നഷ്ടമാകുന്ന കർഷകന് ഉചിതമായ നഷ്ടപരിഹാരം നല്കാൻ വൈദ്യുത ബോർഡും സർക്കാരും വൈകുന്നതിൽ പല നിർമാണ പ്രവർത്തനങ്ങളും കൃഷിയും തടസപ്പെട്ടിരിക്കുകയാണ്.
മറ്റൊരു വശത്തുനിന്നും കർണാടക വനത്തിൽ നിന്നും ഇറങ്ങുന്ന ആനകൾ ആനപ്പാറ മേഖലയിൽ കടുത്ത കൃഷി നാശവും ജീവനും ഭീഷണിയാകുന്നു. കഴിഞ്ഞദിവസം ആനപ്പാറ ശാന്തിഗിരി മെയിൻ റോഡിൽ ആനയിറങ്ങി ഭീഷണി സൃഷ്ടിച്ചിരുന്നു. ഒടുവിൽ മറ്റ് പോംവഴികൾ ഇല്ലാതെ വനംവകുപ്പിന്റെ കൈവശമുള്ള പഴയ വേലിയുടെ ഭാഗങ്ങൾ ഉപയോഗിച്ച് താത്കാലിക വേലി നിർമിച്ചിരിക്കുകയാണ്.
മണിപ്പാറയിലെ കുടിവെള്ളം മുട്ടിച്ച് ജൽജീവൻ
കുന്നും മലകളും നിറഞ്ഞ മണിപ്പാറയിൽ ജൽജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിച്ച റോഡിൽ നിന്നും മഴയിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും കലർന്ന് കുടിവെള്ള സ്രോതസുകൾ മലിനമാകുന്ന സഹചര്യമാണ്. റോഡിൽ നിന്നും മണ്ണ് ഒഴുകിപോയി റോഡും അപകടാവസ്ഥയിലായിരിക്കുകയാണ്. മണിപ്പാറക്കാരുടെ കുടിവെള്ളം മുട്ടിക്കാതെ അടിയന്തര പരിഹാരം വാട്ടർ അതോറിട്ടി കണ്ടെത്തണമെന്നാണാവശ്യം.