ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 പവൻ കാണാനില്ലെന്ന്
1416479
Sunday, April 14, 2024 7:44 AM IST
വളപട്ടണം: വൻകുളത്ത്വയൽ കാനറ ബാങ്ക് ശാഖയിലെ ലോക്കറിൽ സൂക്ഷിച്ച 18 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. പള്ളിയാംമൂല സ്വദേശി രശ്മി ദിനേശനാണ് വളപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2019 നവംബർ ഏഴിനാണ് ലോക്കറിൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കാൻ കൊണ്ടുവച്ചത്.
10 ലക്ഷം രൂപ വില വരുന്ന സ്വർണവള, സ്വർണമാല, മോതിരം, കമ്മൽ എന്നിവയാണ് ലോക്കറിൽ വച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആഭരണങ്ങൾ എടുക്കാനെത്തിയപ്പോൾ ആഭരണങ്ങൾ കാണാനില്ലെന്നും ബാങ്ക് ജീവനക്കാർ അറിയാതെ നഷ്ടപ്പെടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.