കരുവഞ്ചാലിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ആശ്വാസമായി പാലംപണി
1416466
Sunday, April 14, 2024 7:44 AM IST
കരുവഞ്ചാൽ: മലയോര ഹൈവേയിലെയും ടിസിബി റോഡിലെയും പ്രധാന പട്ടണങ്ങളിൽ ഒന്നായ കരുവഞ്ചാലിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് തന്നെ കാരണമാകുന്നു. ടൗണിലെ ഏറ്റവും തിരക്കേറിയ സെൻട്രൽ ജംഗ്ഷനിൽ ആണ് ഗതാഗതക്കുരുക്ക് കൂടുതൽ അനുഭവപ്പെടുന്നത്. ആലക്കോട്, ചെറുപുഴ, തളിപ്പറമ്പ്, വെള്ളാട് ഭാഗങ്ങളിലേക്ക് തിരിയുന്ന പ്രധാന ജംഗ്ഷനും പ്രധാന ബസ്സ്റ്റോപ്പും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
അതിനാൽ തന്നെ ഗതാഗത കുരുക്കിന്റെ പിടിയിലാണ് കരുവഞ്ചാൽ. കാലപ്പഴക്കംചെന്ന കരുവഞ്ചാൽ പാലത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കാണ് പാലത്തിന്റെ ഇരുഭാഗത്തെ ടൗണുകളെയും വാഹനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നത്. മണിക്കൂറുകളോളം തുടരുന്ന ഗതാഗതക്കുരുക്ക് ടൗണിലും ന്യൂ ബസാറിലുമായി നിത്യസംഭവവുമായി മാറിയിരിക്കുകയാണ്. ഇതിനിടെ അപകടങ്ങളും പതിവായിരിക്കുന്നു.
സെൻട്രൽ ജംഗ്ഷനിൽ വെള്ളാട് റോഡ് തിരിയുന്ന ഭാഗത്ത് നേരത്തെ സ്ഥാപിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് ടൗണിലെ അപകടങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാകുന്നതായി ടാക്സി ജീവനക്കാരും ചുമട്ടുതൊഴിലാളികളും വ്യാപാരികളും നാട്ടുകാരും പരാതിപ്പെടുന്നു. പ്രവർത്തനം ഇല്ലാത്ത നോക്കുകുത്തിയായ അവസ്ഥയിലാണ് ഈ എയ്ഡ് പോസ്റ്റ്. മെയിൻ റോഡിന്റെയും വെള്ളാട് റോഡിന്റെയും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
ഇരുഭാഗത്തുനിന്നും ഉള്ള റോഡ് മറക്കുന്ന വിധത്തിലാണ് എയ്ഡ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇതും അപകടാവസ്ഥ ഉയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതിനു സമീപത്തായി നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ അപകടത്തെ തുടർന്ന് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരും ഉണ്ട്. മെയിൻ റോഡും വെള്ളാട് റോഡും മറക്കുന്ന വിധത്തിലാണ് എയ്ഡ്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഉപയോഗശൂന്യമായ എയ്ഡ്പോസ്റ്റ് പൊളിച്ചുനീക്കി അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇതോടൊപ്പം കരുവഞ്ചാൽ പാലത്തിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിച്ച് തുറന്നുകൊടുക്കണമെന്ന ആവശ്യവും ജനങ്ങൾ ഉന്നയിക്കുന്നു. പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചാൽ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും.
2022 ഡിസംബറിൽ ആണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ പാലത്തിന്റെ പ്രവൃത്തി വേഗത്തിൽ ആയിരുന്നെങ്കിലും പിന്നീട് നിർജീവമായി. നിലവിലുള്ള പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലത്തിന്റെ ബീമിന്റെ പ്രവർത്തികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മേയ് അവസാനത്തോടുകൂടി മെയിൻ സ്ലാബിന്റെ പണി പൂർത്തീകരിക്കാനും ജൂണിൽ പാലം തുറന്നു കൊടുക്കാനും കഴിയുമെന്നാണ് കോൺട്രാക്ടർ അബ്ദുള്ള പറയുന്നത്.