20 ചാക്ക് റേഷനരി കുഴിയിൽ തള്ളി
1415871
Friday, April 12, 2024 12:44 AM IST
നീലേശ്വരം: റേഷൻ വ്യാപാരിയുടെ വീട്ടുപറമ്പിലെ കുഴിയിൽ തള്ളിയ നിലയിൽ 20 ചാക്ക് റേഷനരി കണ്ടെത്തി. കാര്യങ്കോട് ചീറ്റക്കാലിൽ റേഷൻ കട നടത്തുന്ന വി. രാജീവാക്ഷന്റെ നീലേശ്വരം ചാത്തമത്തെ പഴയ വീട്ടുവളപ്പിലെ കുഴിയിലാണ് റേഷനരി ചാക്കുകൾ കണ്ടെത്തിയത്. ചാത്തമത്ത് ആലയിൽ പുതുതായി നിർമിച്ച വീട്ടിലാണ് ഇപ്പോൾ രാജീവാക്ഷൻ താമസിക്കുന്നത്.
ചേനംകുന്ന് പുതിയറക്കാൽ റോഡിൽ നിന്ന് പഴയ വീട്ടുപറമ്പിലേക്കുള്ള വഴിയിൽ പരക്കേ അരിമണികൾ വീണുകിടക്കുന്നതു കണ്ട് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ റേഷനരി ചാക്കുകൾ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹൊസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫീസിലും വിവരമറിയിച്ചിട്ടുണ്ട്.
ഈ റേഷൻ വ്യാപാരിക്കെതിരായി നേരത്തേയും പരാതികളുണ്ടായിരുന്നതായി സപ്ലൈ ഓഫീസ് അധികൃതർ പറഞ്ഞു. മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട അരി കൃത്യമായി വിതരണം ചെയ്യാതെ കെട്ടിവച്ച് പുഴുത്തു നശിക്കുകയും തെളിവ് നശിപ്പിക്കാനായി അത് കുഴിയിൽ തള്ളുകയും ചെയ്തതാകാമെന്നാണ് നിഗമനം. വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു.