കാര്യപ്പള്ളി-പെടേന റോഡിൽ ഓട്ടോറിക്ഷകൾ സർവീസ് നിർത്തി
1396529
Friday, March 1, 2024 1:11 AM IST
പെരുമ്പടവ്: പൂർണമായും തകർന്ന കാര്യപ്പള്ളി-പെടേന റോഡിൽ ഇന്നുമുതൽ ഓട്ടോറിക്ഷകളും ഓട്ടോ ടാക്സികളും സർവീസ് നടത്തുന്നതല്ലെന്ന് മോട്ടോർ ആൻഡ് ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു വെള്ളോറ ഡിവിഷൻ കമ്മിറ്റി അറിയിച്ചു.റോഡിൽ ഇരുചക്ര വാഹനങ്ങൾ റോഡിൽ വീഴുന്നതും അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമാണ്.
വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് മെറ്റൽ ചീളുകൾ തെറിക്കുന്നുണ്ട്. ഈ റോഡിലൂടെ സർവീസ് നടത്തുമ്പോൾ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മെയിന്റനൻസ് വളരെ വലിയ തുകയാകുന്നതിനാലും റോഡിലൂടെയുള്ള യാത്ര അസാധ്യമായതിനാലുമാണ് ഇന്നുമുതൽ സർവീസ് നിർത്തിവെക്കുന്നതെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സിഐടിയു ഭാരവാഹികൾ പറഞ്ഞു.
വാഹനങ്ങൾ സർവീസ് നിർത്തിവച്ചതോടുകൂടി രോഗികളും കുട്ടികളും ഉൾപ്പെടെ ഏറെ ദുരിതത്തിൽ ആയിരിക്കുകയാണ്. എത്രയും വേഗം റോഡ് നവീകരണത്തിനുള്ള നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.