ആറളംഫാമിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ
1396526
Friday, March 1, 2024 1:11 AM IST
ആറളം : ആറളം ഫാമിലെ റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂരിനടുത്ത പാത്തിപ്പാലം വള്ള്യായി സ്വദേശി ഷഫ്നാസ്(28) ആണ് അറസ്റ്റിലായത്.
ഇയാൾ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഇൻസ്പെക്ടർ പി.എം. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാത്രി പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വള്ള്യായിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാറിന്റെ ബോണറ്റിനുള്ളിൽ സൂക്ഷിച്ചു കടത്തുകയായിരുന്ന കഞ്ചാവിന് തീ പിടിച്ചപ്പോൾ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. തീപിടിച്ച കഞ്ചാവ് പൊതി പുറത്തേക്ക് എടുത്തെറിയുന്നതിനിടെ പ്രതിയുടെ കൈക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പാട് പ്രതിയുടെ ശരീരത്തിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളാണ് കത്തിയ നിലയിലുള്ള കഞ്ചാവ് കഴിഞ്ഞ ദിവസം റോഡരികിൽ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ 700 ഗ്രാമോളം കഞ്ചാവുണ്ടെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചത്.
സിസിടിവി ദൃശ്യങ്ങളിൽ രണ്ടു വാഹനങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് കേസിൽ കൂടുതൽ പേരുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ വി.പി. സിറാജ്, ഗ്രേഡ് എസ്ഐ സുനിൽ കുമാർ, എഎസ്ഐ തോമസ്, സിപിഒമാരായ ജയദേവൻ, വിനീത്, റിജേഷ്, ലതീഷ്, വിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.