ശുചിത്വമിഷൻ സെക്രട്ടേറിയറ്റ് അംഗങ്ങൾ ചപ്പാരപ്പടവ് പഞ്ചായത്ത് സന്ദർശിച്ചു
1396438
Thursday, February 29, 2024 8:05 AM IST
ചപ്പാരപ്പടവ്: മാലിന്യസംസ്കരണത്തിലെ ചപ്പാരപ്പടവ് മോഡൽ പഠിക്കുന്നതിനും വീഡിയോ ഡോക്യുമെന്ററി തയാറാക്കുന്നതിനുമായി ശുചിത്വ മിഷൻ സെക്രട്ടേറിയറ്റ് അംഗങ്ങൾ പഞ്ചായത്ത് സന്ദർശിച്ചു. ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ, മാലിന്യമുക്ത നവകേരളം കാന്പയിൻ വഴി നടപ്പിലായ മാറ്റങ്ങൾ എന്നിവ സംഘം പഠനവിഷയമാക്കി.
സി.വി. ആര്യ, ഏബിൾ ആന്റണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ശുചിത്വ മിഷൻ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സന്ദർശനം പഞ്ചായത്തിന്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും മുന്പും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ പറഞ്ഞു.