വിലയും രോഗവും തളർത്താതെ ജോണി യോയാക്കിന്റെ വാഴക്കൃഷി
1377017
Saturday, December 9, 2023 2:13 AM IST
ഇരിട്ടി: പ്രതിസന്ധികളെ അവസരമാക്കി മാറ്റി വിളവിൽ നൂറുമേനി നേട്ടം ആവർത്തിക്കുകയാണ് പ്രവാസി കർഷകനായ മാടത്തിലിലെ ജോണി യോയാക്ക്. ഇരിട്ടി നേരമ്പോക്കിനടുത്ത ആറേക്കർ സ്ഥലം പാട്ടത്തിനെടുത്ത് ജോണിയുണ്ടാക്കിയ നേന്ത്രവാഴത്തോട്ടത്തിൽ ഇക്കുറിയും മികച്ച വിളവ്. പ്രവാസി ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ജോണി വാഴക്കൃഷിയിലൂടെയാണു ജീവിതം കരുപിടിപ്പിക്കുന്നത്. വിലത്തകർച്ചയും കാലാവസ്ഥയുമൊക്കെ വില്ലനാകുമെങ്കിലും വാഴക്കൃഷി ഉപേക്ഷിക്കാൻ ജോണി തയാറല്ല.
കഴിഞ്ഞവർഷം രണ്ടായിരത്തോളം വാഴകളാണു കാറ്റിലും മഴയിലും നശിച്ചത്. ഈ വർഷം ആയിരത്തോളം വാഴകൾ കുമിൾരോഗം ബാധിച്ചും നശിച്ചു. വിള ഇൻഷ്വറൻസ് നടത്തുന്നുണ്ടെങ്കിലും നാശനഷ്ടങ്ങൾക്കുള്ള സഹായം ഇതുവരെ യഥാസമയം ലഭിക്കുന്നില്ല. ഈ പ്രതിസന്ധികളെയെല്ലാം തള്ളിമാറ്റിയാണു ജോണി നേന്ത്രവാഴകൃഷിയിൽ തളരാതെ ചുവടുറപ്പിച്ചിരിക്കുന്നത്.
പാട്ടത്തിനെടുത്ത ആറേക്കർ സ്ഥലത്ത് 4000 ത്തോളം വാഴകളാണു നട്ടത്. ഇതിൽ കുറച്ച് രോഗം മൂലം നശിച്ചെങ്കിലും അവശേഷിക്കുന്നവയിൽ മികച്ച വിളവുണ്ടായത് ജോണിക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ് അംഗമാണ് ജോണി. ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ് ഉത്സവം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു.
ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് സിബി വാഴക്കാല അധ്യക്ഷത വഹിച്ചു. നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ. മോഹനൻ, സെബാസ്റ്റ്യൻ തുണ്ടത്തിൽ, അക്ഷയ സുരേഷ് ബാബു, ഷാജി, വി.പി. സതീശൻ, ബാലു, കെ. മോഹൻദാസ്, സ്ഥലം ഉടമ കനകത്തടത്തിൽ, മോഹനൻ വാഴുന്നവർ, ജോണി യോയാക്ക് എന്നിവർ പങ്കെടുത്തു.