കൃഷിയിടങ്ങളിൽ ഇനി ഡ്രോൺ വസന്തം
1374453
Wednesday, November 29, 2023 7:56 AM IST
ചെറുപുഴ: കൃഷിയിലെ ആധുനികവത്കരണം എല്ലാ മേഖലകളിലുമെത്തുകയാണ്. തെങ്ങുകയറ്റുന്ന യന്ത്രമായിരുന്നു ആദ്യമെങ്കിൽ പിന്നീട് കാടുവെട്ടുന്ന മെഷീനും മരം മുറിക്കുന്ന യന്ത്രവും തോട്ടിയും വിവിധയിനം സ്പ്രെയറുകളും രംഗത്തെത്തി. ഇപ്പോൾ കൃഷിയിടത്തിൽ ഡ്രോണുകളാണ് താരം.
ദ്രാവകരൂപത്തിലുള്ള വളങ്ങളും കീടനാശിനികളും ചെടികളിലും മരങ്ങളിലും തളിക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. സമയലാഭം, തളിക്കുന്ന ദ്രാവകളുടെ അളവ് ലാഭം, തൊഴിലാളികൾ നാമമാത്രം മതി തുടങ്ങിയ നിരവധി ഗുണങ്ങളാണ് ഡ്രോണുകൾക്കുള്ളത്.
മലയോര മേഖലകളിൽ ഡ്രോൺ ഉപയോഗം കാർഷിക മേഖലയിൽ കുറവാണെങ്കിലും വയനാട് പോലുള്ള ജില്ലകളിൽ നെൽപ്പാടങ്ങളിലും മറ്റ് കൃഷികൾക്കും ഡ്രോൺ ഉപയോഗിക്കുന്നത് വ്യാപകമാണ്. ഡ്രോൺ ഉപയോഗിച്ച് 10 ലിറ്റർ ദ്രാവകം കൊണ്ട് ഒരു ഹെക്ടർ സ്ഥലത്ത് സ്പ്രേ ചെയ്യാം. കാർഷിക ഡ്രോണുകൾ 15 മീറ്റർ ഉയരത്തിൽ ലോക്ക് ചെയ്തിരിക്കുന്നതിനാൽ 15 മീറ്ററിൽ താഴെ ഉയരമുള്ള ക്യഷികൾക്ക് മരുന്നും വളവും തളിക്കാൻ ഡ്രോണുകൾ കൊണ്ട് കഴിയും.
കമുകിന് മരുന്നു തളിക്കുവാൻ ഡ്രോണുകൾ കൊണ്ട് കഴിയില്ല. റബർ, നെല്ല്, പച്ചക്കറിത്തോട്ടങ്ങൾ എന്നിവയ്ക്ക് ഡ്രോൺ ഉപയോഗിക്കാം. ചെറുപുഴയിൽ വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായാണ് ഡ്രോണിന്റെ ഉപയോഗം കർഷകർക്ക് പരിചയപ്പെടുത്തിയത്.
ഏബ്രഹാം ചെമ്മനാംതടത്തിലിന്റെ കൃഷിയിടത്തിലായിരുന്നു ഡ്രോണിന്റെ പരീക്ഷണപ്പറക്കൽ നടത്തിയത്. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജുവിന്റെ നേതൃത്വത്തിൽ കൃഷിഭവൻ ജീവനക്കാരും ധാരാളം കർഷകരും ഡ്രോണിന്റെ പ്രവർത്തനം കാണുവാനെത്തിയിരുന്നു. വയനാട്ടിൽ നിന്നുമെത്തിയ വി.ജെ. ഷാജിയാണ് ഡ്രോണിന്റെ പ്രവർത്തനങ്ങൾ കർഷകർക്ക് വിശദീകരിച്ചു നൽകിയത്.
ഇപ്പോൾ എഫ്പിഒ പോലുള്ള കർഷക സംഘടനകൾക്കാണ് ഡ്രോണുകൾ സബ്സിഡിയോടെ നൽകുന്നത്. സബ്സിഡിയുള്ള ഡ്രോണിന് 10 ലക്ഷം രൂപയാണു വില. സബ്സിഡിയില്ലാതെ ആറുലക്ഷം രൂപ മുതൽ ലഭിക്കും. ഡ്രോൺ ഉപയോഗിക്കുമ്പോൾ ഒരു പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളിൽ ഒന്നിച്ച് സ്പ്രേ ചെയ്യുന്നതാണ് നല്ലത്. ചെലവും കുറയും. വരും നാളുകളിൽ കൃഷിയിടങ്ങൾ ഡ്രോണുകൾ കൈയടക്കുക തന്നെ ചെയ്യും. രൂപവും ഭാവവും മാറി ഉപയോഗത്തിലും മാറ്റങ്ങളോടെ ആയിരിക്കും ഡ്രോണുകൾ കൃഷിയിടങ്ങളിലെത്തുക.