കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പന്പ് സമരം
1337754
Saturday, September 23, 2023 2:30 AM IST
കണ്ണൂർ: അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ നിന്ന് വ്യാപകമായ തോതിൽ ഇന്ധനം കടത്തി വിൽക്കുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 30ന് കണ്ണൂർ ജില്ലയിലെ പെട്രോൾ പന്പുകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് ഉടമകൾ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയിലാണ് 30ന് 24 മണിക്കൂർ പന്പുകൾ അടച്ചിട്ട് സമരവും ഇന്ധന ബഹിഷ്കരണവും നടത്തുന്നതെന്ന് പന്പുടമകളുടെ സംഘടനയായ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ധനക്കടത്ത് വഴി സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നതിനൊപ്പം സംസ്ഥാനത്ത് പന്പുടമകളെ വലിയ പ്രതിസന്ധിയിലാക്കുകയാണെന്നും അസോസിയേഷന് ഭാരവാഹികൾ പറഞ്ഞു.
കേരളത്തെ അപേക്ഷിച്ച് ഇന്ധനത്തിന് വിലക്കുറവുള്ള മാഹി, കർണാടക എന്നിവിടങ്ങളിൽ നിന്ന് ടാങ്കർ ലോറികളിലും ബാരലുകളിലുമായി പെട്രോളും ഡീസലും എത്തിച്ച് വിൽക്കുന്ന സംഘം വ്യാപകമാണ്. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല.
ഇന്ധനക്കടത്ത് പെട്രോൾ പന്പുടമകളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുതൽമുടക്ക് വർധിച്ചെങ്കിലും 2017 ന് ശേഷം ഡീലർ കമ്മീഷനിൽ ഒരു വർധനവും വരുത്താത്തിനാൽ വലിയ നഷ്ടം നേരിടുന്നുണ്ടെന്നും പന്പുടമകൾ പറഞ്ഞു.