കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകളും ബാനറുകളും മാറ്റിയില്ലെങ്കിൽ നടപടി
1337206
Thursday, September 21, 2023 7:01 AM IST
കണ്ണൂർ: കാല്‍നട യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ച മറക്കുന്ന തരത്തില്‍ പൊതു റോഡുകളുടെ പരിസരങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്ലക്സുകൾ, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവർ സ്വന്തം ഉത്തരവാദിത്വത്തില്‍ രണ്ട് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ജില്ലാതല മോണിറ്ററിംഗ് സമിതി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റേതാണ് തീരുമാനം. കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മോണിറ്ററിംഗ് സമിതി രൂപീകരിച്ചത്.
റോഡുകളിലേക്ക് തളളി നില്ക്കുന്നതും കാലപരിധി അവസാനിച്ചതുമായ ബോര്‍ഡുകളും നീക്കം ചെയ്യണം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച് മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്ന് അനധികൃതമായി ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വികരിക്കും. ലോക ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട കൂറ്റന്‍ ഫ്ളക്സുകള്‍ പല ഭാഗങ്ങളിലും ഇപ്പോഴും നീക്കം ചെയ്യാതെ നിൽക്കുന്നുണ്ട്. അവ രണ്ട് ദിവസത്തിനകം നീക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കും.
ആരാധനാലയങ്ങളുടേയും ക്ലബുകളുടേയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരിപാടി നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ ബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നിയന്ത്രിക്കും. ഉദ്ദേശ തീയതിക്ക് രണ്ട് ദിവസത്തിനകം ബാനറുകളും ബോര്‍ഡുകളും, കൊടി തോരണങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടിയെടുക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് എല്ലാ മാസങ്ങളിലും പോലീസ് സഹായത്തോടെ പരിശോധന നടത്തും.
ജില്ലയില്‍ സ്ഥാപിച്ച അനധികൃത ഫ്ളക്സുകളും ബോര്‍ഡുകളും സംബന്ധിച്ച വിവരം ചിത്രം സഹിതമാണ് യോഗത്തില്‍ പോലീസ് ഹാജരാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന യോഗത്തില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി.കെ. രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, സബ് ഇന്‍സ്പെകടര്‍ സി.വി. ഗോവിന്ദന് എന്നിവർ പങ്കെടുത്തു.