കേരളം സംരംഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞു: മന്ത്രി പി. രാജീവ്
1591038
Friday, September 12, 2025 5:25 AM IST
"എമർജിംഗ് മലപ്പുറം' ഉദ്ഘാടനം ചെയ്തു
മലപ്പുറം: കേരളം സംരഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞെന്നും വ്യവസായ സൗഹൃദ റാങ്കിംഗിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയെന്നും മന്ത്രി പി. രാജീവ്.
കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തവരും മലപ്പുറം ജില്ലയിൽ 20 കോടിയിലധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ നേതൃത്വത്തില് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല നിക്ഷേപക സംഗമം "എമർജിംഗ് മലപ്പുറം' ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടായി. നിക്ഷേപക സംഗമത്തിൽ ഉയർന്നു വന്ന സംരംഭങ്ങളിൽ 25 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം തന്നെ 50 ശതമാനവും പൂർത്തിയാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. 33342 കോടിയുടെ നിക്ഷേപവും 76521 തൊഴിലവസരങ്ങളുമായി മലപ്പുറം ജില്ല സംരംഭകത്വത്തിൽ മുന്നിലാണ്.
ഏറ്റവും കൂടുതൽ മൂലധന സാധ്യതയുള്ള, കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ സംരംഭങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ഏഴു സ്വകാര്യ വ്യവസായ പാർക്കുകളാണ് ജില്ലയിൽ പൂർത്തിയായത്. രണ്ടെണ്ണം പുരോഗമിക്കുന്നു. വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പദ്ധതിയ്ക്കും ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറുകിട വ്യവസായങ്ങളെ വളർത്തുന്ന മിഷൻ 1000 പദ്ധതിയും ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ വി.ആർ. വിനോദ് വിഷയാവതരണം നടത്തി. ഉദ്യോഗസ്ഥ തലത്തിൽ സംരംഭക അനുകൂല മനോഭാവം ഉണ്ടാകണമെന്നും സത്യസന്ധമായി ബിസിനസ് ചെയ്യുന്ന വ്യവസായികൾ ഉദ്യോഗസ്ഥതല പരിശോധനകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ നിക്ഷേപങ്ങളുള്ള ജില്ല അത് ക്രിയാത്മകമായി സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗിക്കണമെന്നും അതുവഴി വ്യവസായ സൗഹൃദ അന്തരീക്ഷം ജില്ലയിൽ നില നിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ കഴിയുമെന്നും കളക്ടർ പറഞ്ഞു. മലപ്പുറം ജില്ലയെ സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും മികച്ച കേന്ദ്രമാക്കി മാറ്റാനുതകുന്ന 2659.7 കോടിയുടെ നിക്ഷേപവും 4323 തൊഴിലവസരങ്ങളുമായാണ് നിക്ഷേപക സംഗമം നടന്നത്.
28 നിക്ഷേപകർ വ്യവസായം, ടൗൺഷിപ് വികസനം, ഹെൽത്ത് കെയർ, ടൂറിസം, അഗ്രോ-ഫുഡ്, നിർമാണം, പാക്കേജിംഗ്, ഫർണിച്ചർ, ജ്യുവൽറി, പുനരുപയോഗ സാധ്യതയുള്ള വ്യവസായങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രൊപോസലുകൾ അവതരിപ്പിച്ചു.
പി. ഉബൈദുള്ള എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി. നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ. മജീദ്, കുറുക്കോളി മൊയ്തീൻ, സബ് കളക്ടർമാരായ ദിലീപ് കൈനിക്കര, സാക്ഷി മോഹൻ, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോർജ് ജോസഫ്, ഹുസൈൻ സിറ്റി എൻആർഐ പ്രൊജക്ട് മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. കെ.പി. ഹുസൈൻ,
അൽമാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ഡോ. പി. അഹമ്മദ് കബീർ, ജെആർഎസ് ഡീഡ്സ് ആൻഡ് ഡോക്യുമെന്റ്സ് മാനേജിംഗ് പാർട്ണർ അഷ്റഫ് ആലങ്ങാടൻ, സംരംഭകർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.