‘ജൽ ജീവൻ മിഷൻ പ്രവൃത്തിയിൽ ജില്ലയിൽ ചെലവഴിക്കുന്നത് 5987 കോടി’
1591285
Saturday, September 13, 2025 5:38 AM IST
ജില്ലയിലെ ആദ്യ ഹർ ഘർ ജൽ പഞ്ചായത്ത് പ്രഖ്യാപനം മുതുവല്ലൂരിൽ നടത്തി
മലപ്പുറം: ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണെന്നും ജില്ലയിൽ മാത്രം ഇതിനായി കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ ഉൾപ്പെടുത്തി 5987 കോടിയുടെ പ്രവൃത്തികളാണ് നടക്കുന്നതെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലയിലെ ആദ്യ ഹർ ഘർ ജൽ പഞ്ചായത്ത് പ്രഖ്യാപനത്തിനായി കൊണ്ടോട്ടിയിൽ മുതുവല്ലൂർ പഞ്ചായത്തിലെ മുണ്ടക്കുളം അങ്ങാടിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ശുദ്ധജല വിതരണത്തിനായി ജൽ ജീവൻ മിഷൻ പ്രവൃത്തികൾ ആരംഭിക്കുന്പോൾ നിരവധി കടന്പകൾ ഉണ്ടായിരുന്നു.
കൂട്ടായ പ്രവർത്തനവും ഇച്ഛാശക്തിയുമാണ് പദ്ധതി പൂർണ വിജയത്തിലെത്തിക്കാൻ കാരണമായത്. എല്ലാ ഭവനങ്ങളിലും ശുദ്ധജലം ലഭ്യമാക്കാനായി വലിയ തുകയാണ് സംസ്ഥാന സർക്കാർ കേന്ദ്ര വിഹിതം ഉൾപ്പടെ ഉപയോഗപ്പെടുത്തി ചെലവഴിക്കുന്നത്.
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി നബാഡിൽ നിന്ന് 5000 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര വിഹിതമായ 5000 കോടി രൂപ കൂടെ ലഭ്യമാകുന്പോൾ സംസ്ഥാനത്തെ ശുദ്ധ ജല വിതരണത്തിൽ ചരിത്രപരമായ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലഘട്ടത്തിൽ സംസ്ഥാനത്ത് 23 ശതമാനം മാത്രമുണ്ടായിരുന്ന കുടിവെള്ള കണക്ഷൻ ഇന്ന് 53 ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ ധർമടം മണ്ഡലത്തിൽ ഇതിനോടകം നൂറ് ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കി സംസ്ഥാനത്തെ ആദ്യത്തെ ഹർ ഘർ ജൽ നിയോജകമണ്ഡലമായി.
സംസ്ഥാനത്ത് 15 നിയോജക മണ്ഡലങ്ങളിലും 120 ഗ്രാമപഞ്ചായത്തുകളിലും പദ്ധതി പൂർത്തീകരിച്ച് ഹർ ഘർ ജൽ സ്ഥാപനങ്ങളായി മാറി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളിൽ നിന്നും ലഭിച്ച സഹകരണ മനോഭാവമാണ് പദ്ധതി പൂർത്തീകരണത്തിന് സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പദ്ധതി പൂർത്തീകരിക്കുന്നതിനു 2028 വരെ കേന്ദ്രം സമയം നീട്ടി നൽകിയിട്ടുണ്ട്.
ചടങ്ങിൽ ടി.വി. ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരുന്നു. മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് സന്പൂർണ "ഹർ ഘർ ജൽ’ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ചീക്കോട് കുടിവെള്ള പദ്ധതി പ്രധാന പങ്കുവഹിച്ചു.
ചീക്കോട് ജലശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച ജലം വിവിധ സംഭരണികളിലൂടെ മുതുവല്ലൂരിലെ എല്ലാ വീടുകളിലും എത്തിക്കുന്നു. ചീക്കോട്, ചുള്ളിക്കോട് എന്നിവിടങ്ങളിലെ ഭൂതല, ഉന്നതതല ജലസംഭരണികളാണ് ഇതിനായി ഉപയോഗിക്കുന്നത്.