സംസ്ഥാന അട്യ പാട്യ ചാമ്പ്യന്‍ഷിപ്പ് ഇന്ന് നിലമ്പൂരില്‍ തുടങ്ങും
1591043
Friday, September 12, 2025 5:27 AM IST
നിലമ്പൂര്‍: ജില്ലാ അട്യാ പാട്യ അസോസിയേഷന്റെ നേതൃത്വത്തില്‍ 22-ാമത് സംസ്ഥാന പുരുഷ, വനിതാ അട്യ പാട്യാ ചാമ്പ്യന്‍ഷിപ്പിന് നിലമ്പൂരില്‍ ഇന്ന്തുടങ്ങും.
ചക്കാലക്കുത്ത് മന്നം സ്മാരക എന്‍എസ്എസ് എച്ച്എസ് സ്കൂളില്‍ നടക്കുന്ന മത്സരം ഞായറാഴ്ച സമാപിക്കും. ഇന്ന് വൈകുനേരം നാലിന് റജിസ്ട്രേഷന് തുടങ്ങും. ശനിയാഴ്ച രാവിലെ എട്ടിന് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് പതാക ഉയര്‍ത്തുന്നതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക.
ജില്ലാ പതാക ജില്ലാ അട്യാ പാട്യ അസോസിയേഷന് വൈസ് പ്രസിഡന്റുമാരായ വി.എ. അനില്‍ കുമാര്‍, ജോണ്സണ് ടി. സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ഉയര്‍ത്തും. എട്ടരമുതല്‍ മത്സരങ്ങള്‍ തുടങ്ങും. ശനിയാഴ്ച വൈകുന്നേരം മൂന്നരക്ക് ആര്യാടന് ഷൗക്കത്ത് എംഎല്‍എ എന്‍എസ്എസ് സ്കൂള്‍ പരിസരത്ത് മേള ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.എം. അബ്ദുറഹ്മാന് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ശ്രീകുമാര്‍ മുഖ്യാതിഥി ആയിരിക്കും.
ജില്ലാ അസോസിയേഷന് സെക്രട്ടറി ടി.ഡി. ദേവസ്യ, നിലമ്പൂര്‍ നഗരസഭാംഗം രവീന്ദ്രന്, പിടിഎ പ്രസിഡന്റ് രാജന്, അസോസിയേഷന് ജില്ലാ ഖജാന്‍ജി കെ.ടി. മുരളീധരന് തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനത്തിന് ശേഷം രാത്രി 11 വരെ ഫ്ളഡ്ലൈറ്റ് മൈതാനത്തില്‍ മത്സരങ്ങള്‍ തുടരും. 14 ജില്ലകളേയും പ്രതിനിധീകരിച്ച് 28 ടീമുകളിലായി 600 ഓളം കായിക താരങ്ങളും 75 ഓളം ഒഫീഷ്യലുകളും മത്സരത്തില്‍ പങ്കെടുക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ അട്യാ പാട്യ അസോസിയേഷന് സെക്രട്ടറി ടി.ഡി. ദേവസ്യ, വൈസ് പ്രസിഡന്റ് വി.എ. അനില്‍ കുമാര്‍, ഖജാന്‍ജി കെ.ടി. മുരളീധരന് എന്നിവര്‍ പങ്കെടുത്തു.