പെരിന്തൽമണ്ണയിലെ വഴിയോര കച്ചവടക്കാർക്ക് എംഎൽഎ വക ഹെൽത്ത് കാർഡ്
1591287
Saturday, September 13, 2025 5:38 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിലെ വഴിയോര കച്ചവടക്കാർക്കും എംഎൽഎ വക ഹെൽത്ത് കാർഡ് നൽകുന്നു. നജീബ് കാന്തപുരം എംഎൽഎയാണ് നൂറോളം വഴിയോര കച്ചവടക്കാർക്ക് ഇപ്പോൾ ഹെൽത്ത് കാർഡ് നൽകിയിരിക്കുന്നത്. മണ്ഡലത്തിലെ അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പരിരക്ഷ വോളണ്ടിയർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് നേരത്തെ ഇത്തരം കാർഡ് നൽകിയിരുന്നു.
പെരിന്തൽമണ്ണയിലെ പത്തോളം പ്രമുഖ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ചികിത്സക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് ഹെൽത്ത് കാർഡ്. ഹെൽത്ത് കാർഡിനൊപ്പം ആക്സിഡന്റ് ഇൻഷ്വറൻസ് പോളിസിയും സൗജന്യമായി നൽകി. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന അടിസ്ഥാന വിഭാഗത്തെ ചേർത്തുനിർത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അതിനാലാണ് പദ്ധതിക്ക് രൂപം നൽകിയതെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
പദ്ധതിയുമായി സഹകരിക്കാൻ തയാറായ പെരിന്തൽമണ്ണയിലെ ഹോസ്പിറ്റൽ മാനേജ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.വഴിയോര കച്ചവടക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് കളക്കണ്ടൻ, മണ്ഡലം ട്രഷറർ രാമകൃഷ്ണൻ ഒലിങ്കര, ശ്രീജ, സൈതാലി മുള്ള്യാകുർശി, ഖാജാ ഹുസൈൻ ഹസൻ, കെ.ടി. ഹനീഫ എന്നിവർ പ്രസംഗിച്ചു.