കുടിവെള്ളമില്ല; പ്രദേശവാസികൾ എൻജിനിയറെ ഉപരോധിച്ചു
1591286
Saturday, September 13, 2025 5:38 AM IST
മഞ്ചേരി: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ വാട്ടർ അഥോറിറ്റി കാര്യാലയത്തിലെത്തി എൻജിനിയറെ ഉപരോധിച്ചു. മംഗലശേരി പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മഞ്ചേരിയിലെ വാട്ടർ അഥോറിറ്റി എഇയെ ഉപരോധിച്ചത്. പ്രദേശത്ത് കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ വേഗമാക്കാമെന്ന് വാട്ടർ അഥോറിറ്റി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാർ പിൻമാറിയത്. മംഗലശേരി, ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഭാഗം, ചുണ്ടേൽ സ്കൂൾകുന്ന് ഭാഗം എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
300ലധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞ വർഷം നഗരസഭ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. വാട്ടർ അഥോറിറ്റിയുടെ ലൈനിൽ നിന്ന് വിതരണ ലൈൻ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ആദ്യഘട്ട നടപടിക്രമങ്ങൾ വാട്ടർ അഥോറിറ്റി പൂർത്തിയാക്കിയെങ്കിലും തടപ്പറന്പ് ടാങ്കിൽ നിന്ന് വിതരണ ലൈൻ വലിച്ച് വെള്ളം എത്തിക്കാൻ പദ്ധതി തയറാക്കുന്നതിനാൽ ഒരു പ്രദേശത്ത് രണ്ട് പദ്ധതികൾ നടപ്പാക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ രണ്ട് പദ്ധതിക്കും വഴി തെളിയാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി ഓഫീസിൽ എത്തിയത്. ഇനി കാത്തുനിൽക്കാൻ തയാറല്ലെന്നും നഗരസഭ അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് വിതരണ ലൈൻ സ്ഥാപിച്ച് വേഗത്തിൽ വെള്ളം എത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധം തുടർന്നതോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എഇയുടെ കാര്യാലയത്തിലെത്തി.
ഇവർ എക്സിക്യൂട്ടീവ് എൻജിനിയറുമായി ഫോണിൽ സംസാരിച്ചു. തിങ്കളാഴ്ച ഉത്തരവ് നൽകാമെന്നും നഗരസഭ 25 ലക്ഷം രൂപ അടച്ചാൽ തുടർനടപടി സ്വീകരിക്കാമെന്നും ഉറപ്പുനൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നഗരസഭ മുൻ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, കൗണ്സിലർമാരായ വല്ലാഞ്ചിറ ഫാത്തിമ, അഷ്റഫ് കാക്കേങ്ങൽ, നാണിപ്പ കീഴടത്ത്, അലവിക്കുട്ടി പുല്ലാര, സക്കീർ വല്ലാഞ്ചിറ, മാടായി വീരാൻകുട്ടി, റഷീദ് പേരാപ്പുറത്ത്, മുജീബ് കടൂരൻ, റഷീദ് പള്ളിക്കൽ, പുതുപ്പറന്പിൽ മുഹമ്മദ്കുട്ടി, റഷീദ് വല്ലാഞ്ചിറ, സത്താർ വല്ലാഞ്ചിറ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.