ഓണ്‍ലൈൻ ട്രാൻസ്ഫർ പരിഷ്കരണം: വാഗ്ദാനം പാലിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന്
1549615
Tuesday, May 13, 2025 6:17 PM IST
നിലന്പൂർ: ഓണ്‍ലൈൻ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ വാഗ്ദാനമായ സോഫ്റ്റ് വേർ പരിഷ്കരണം ഉടനെ നടപ്പാക്കിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭ പരിപാടികളും കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
മണിമൂളിയിൽ നടന്ന സംഘടനയുടെ സംസ്ഥാന നേതൃത്വ പരിശീലന ക്യാന്പിനോടനുബന്ധിച്ച് നടത്തിയ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
2025 വർഷത്തെ ക്ലർക്ക്, ടൈപ്പിസ്റ്റ്മാരുടെ കരട് ഉത്തരവും സീനിയർ സൂപ്രണ്ടുമാരുടെ അന്തിമ ഉത്തരവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പൊതുസ്ഥലം മാറ്റത്തിൽ ഇതുവരെ ഉൾപ്പെടുത്താത്ത പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, പരീക്ഷാഭവൻ, ടെക്സ്റ്റ് ബുക്ക് ഓഫീസ് എന്നിവ ഉൾപ്പെടുന്ന ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരെ ഓണ്‍ലൈൻ ട്രാൻസ്ഫർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്ന സംഘടന പ്രതിനിധി യോഗത്തിലെ തീരുമാനവും അട്ടിമറിച്ചിരിക്കുന്നുവെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
സംസ്ഥാന നേതൃ പരിശീലന ക്യാന്പ് എഴുത്തുകാരൻ ഷാഫി ഏപ്പിക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എസ്. മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു. സിനിമ-നാടക അഭിനേത്രി നിലന്പൂർ ആയിഷ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ കണ്‍വീനർ എസ്.എ. സുധീപ്, സംസ്ഥാന ജനറൽ സെക്രട്ടറി എ. നിസാമുദീൻ, സംസ്ഥാന ഖജാൻജി എ.ജി. അജു, വൈസ് പ്രസിഡന്റ് ടി.യു. അനൂബ്, ജി. ജയകുമാർ, കെ. രാജീവ്, ജോളി മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.