ചേപ്പൂർ മലയിൽ അനധികൃത ഖനനം; ശക്തമായ നടപടിയുമായി റവന്യു വകുപ്പ്
1549612
Tuesday, May 13, 2025 6:17 PM IST
സ്ഥല ഉടമകൾക്കെതിരേ പിഴ ചുമത്തും
മഞ്ചേരി: ആനക്കയം, മഞ്ചേരി വില്ലേജുകളുടെ അതിർത്തിയിലുള്ള ചേപ്പൂർ മലയിൽ അനധികൃത ഖനനം വ്യാപകമാകുന്നു. പ്രദേശത്ത് ഇന്നലെ റവന്യൂ, പോലീസ്, ജിയോളജി വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പെരിന്തൽമണ്ണ സബ്കളക്ടറുടെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ നടപടിയെടുത്തു. കട്ടിംഗ് യന്ത്രം, മണ്ണുമാന്തി യന്ത്രം, ലോറി എന്നിവയ്ക്ക് 85,800 രൂപ പിഴ ഈടാക്കി. മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
ആനക്കയം, മേൽമുറി വില്ലേജുകളിൽ ഒന്പതോളം അനധികൃത കരിങ്കൽ, ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ ക്വാറി ഉടമകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്താൻ തീരുമാനിച്ചു. പിഴ ഒടുക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കൾ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും.
ജപ്തി നടപടികൾക്ക് ശേഷവും ലേലം നടന്നില്ലെങ്കിൽ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോട്ടിംഗ് ലാൻഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസിൽദാർ എം. മുകുന്ദൻ പറഞ്ഞു. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ വാഹന ഉടമകൾക്കെതിരെയായിരുന്നു നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ ഇത് നിയമലംഘനം അവസാനിക്കുന്നതിന് ഗുണം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതിനാൽ ഇനി മുതൽ സ്ഥല ഉടമകൾക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. സ്ഥല ഉടമകൾക്കെതിരെ ഇനി മുതൽ അഞ്ചിരട്ടി പിഴ ഈടാക്കാനാണ് തീരുമാനം.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കുന്നതിന് പൊതുജനങ്ങൾക്കായി വാട്സ്ആപ്പ് നന്പർ ഏർപ്പെടുത്തിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 9495566121.