ഉദ്യോഗസ്ഥർ ജനവിരുദ്ധരാകരുത്: എംഎൽഎ
1549614
Tuesday, May 13, 2025 6:17 PM IST
പെരിന്തൽമണ്ണ: മുന്നിലെത്തുന്ന ഫയലുകൾ കാണുന്പോൾ തന്റെ പെൻഷനെ ബാധിക്കുമോ എന്നല്ല മനുഷ്യനെ ബാധിക്കുമോ എന്നാണ് ഉദ്യോഗസ്ഥർ ചിന്തിക്കേണ്ടതെന്നും ജനസേവനമാണ് തന്റെ ഉത്തരവാദിത്വമെന്ന ചിന്തയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടതെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ഒരു മണിക്കൂർ കൊണ്ട് തീർപ്പുകൽപ്പിക്കാൻ കഴിയുന്ന ഫയലുകൾ പോലും ചില ഉദ്യോഗസ്ഥർ മാസങ്ങൾ പിടിച്ചുവയ്ക്കുകയാണ്.
ഇതാണ് ഏറ്റവും വലിയ ജനദ്രോഹ നടപടി. ജനങ്ങളെ സേവിക്കേണ്ട ഉദ്യോഗസ്ഥർ ജനവിരുദ്ധരാകുന്നത് ജനാധിപത്യത്തിന്റെ അന്തസിന് ചേർന്നതല്ല. ഉദ്യോഗസ്ഥ രംഗത്തെ ഇത്തരം അരുതായ്മകളെ തുടച്ചു നീക്കുന്ന പുതിയ തലമുറ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ വകുപ്പിലെ സെക്രട്ടറി തസ്തികയിലേക്കുള്ള പരീക്ഷയിൽ വിജയിച്ച് കൂടിക്കാഴ്ചക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ ’ക്രിയ’ സിവിൽ സർവീസ് അക്കാഡമി സംഘടിപ്പിച്ച ഓറിയന്േറഷൻ കം മോക്ക് ഇന്റർവ്യൂ സെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. വിവിധ സെഷനുകൾക്ക് അബ്ദുൾ ബഷീർ താമരേശരി, പി.ബി. ഷാജു, ടോമി ജോണ്, രാജേഷ് കുമാർ നേതൃത്വം നൽകി. ശ്രുതി സ്വാഗതവും ഇർഷാദ് അലി നന്ദിയും പറഞ്ഞു.