പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജംഗ്ഷന് വിപുലീകരണം; 57.78 കോടിയുടെ അനുമതി
1480469
Wednesday, November 20, 2024 5:14 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജംഗ്ഷന് വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കുന്ന പദ്ധതിക്ക് കിഫ്ബി 57.78 കോടി രൂപയുടെ അനുമതി നല്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പെരിന്തല്‍മണ്ണ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന സെന്‍ട്രല്‍ ജംഗ്ഷന് വിപുലീകരണ പദ്ധതിക്ക് ആദ്യഘട്ടമായി തുക വകയിരുത്തിയത്. ജംഗ്ഷന് നവീകരണ പദ്ധതിക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി അധികൃതര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തീകരിച്ചിരുന്നു.കോഴിക്കോട്-പാലക്കാട് ദേശീയപാതയും മേലാറ്റൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയും സന്ധിക്കുന്ന സുപ്രധാന ജംഗ്ഷനാണ് പെരിന്തല്‍മണ്ണ നഗരഹൃദയത്തിലെ സെന്‍ട്രല്‍ ജംഗ്ഷന്.
കിഴക്ക്-പടിഞ്ഞാറായി പാലക്കാട്-കോഴിക്കോട് ദേശീയപാതയും തെക്ക്-വടക്കായി പെരുമ്പിലാവ്-മേലാറ്റൂര്‍ പാതയും കടന്നുപോകുന്നത് ജംഗ്ഷനിലൂടെയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്കുള്ള പ്രധാന റോഡ് കടന്നുപോകുന്നതും സെന്‍ട്രല്‍ ജംഗ്ഷനിലൂടെയായതിനാല് നിരവധി പാചകവാതക ടാങ്കറുകള്‍, ചരക്ക് കണ്ടെയ്നറുകള്‍ എന്നിവയടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ജംഗ്ഷന് വഴി നീങ്ങുന്നത്. തെക്കന്‍ കേരളത്തില്‍ നിന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്കുള്ള പ്രവേശനവും സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് വടക്ക് ദിശയിലേക്ക് നീളുന്ന നിലമ്പൂര്‍ റോഡിലൂടെയാണ്.
നേരത്തെ പാലക്കാട്-കോഴിക്കോട് പാതയുടെ വികസനം വന്നപ്പോള്‍ ചെറിയ തോതില്‍ സെന്‍ട്രല്‍ ജംഗ്ഷനിലും നവീകരണം നടന്നിരുന്നു. പിന്നീട് നാല് റോഡുകളും ചേരുന്നതില്‍ പാലക്കാട് ഭാഗത്ത് പെരിന്തല്‍മണ്ണ നഗരസഭയുടെ ഹൈടെക് കോംപ്ലക്സ് നിര്‍മിച്ചതിലാണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ അല്പമെങ്കിലും വീതി കൂടിയത്.
സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് പെരുമ്പിലാവ്, കോഴിക്കോട്, നിലമ്പൂര്‍ റോഡുകള്‍ ആരംഭിക്കുന്നിടത്ത് വിപുലീകരണം സാധ്യമായിട്ടില്ല. ഈ ഭാഗങ്ങളില്‍ റോഡ് വിപുലപ്പെടുത്തിയെങ്കില്‍ മാത്രമേ പെരിന്തല്‍മണ്ണയിലൂടെ ട്രാഫിക് കുരുക്കില്ലാതെ വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകൂ. ഒപ്പം ചികിത്സാ നഗരമായ പെരിന്തല്‍മണ്ണയില്‍ എത്തുന്നവര്‍ക്ക് സുഗമമായി കാല്‍നടയായി സഞ്ചരിക്കണമെങ്കിലും നടപ്പാത ഉള്‍പ്പെടെ റോഡുകളുടെ തുടക്കം മുതല്‍ വിപുലീകരണം സാധ്യമാകണം.
കോഴിക്കോട്-പാലക്കാട് മലയോര ഹൈവേ യാഥാര്‍ഥ്യമാകുന്നതോടെ പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജംഗ്ഷനിലൂടെ കടന്നുപോകുന്ന കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ വാഹനതിരക്ക് നല്ലൊരളവ് കുറയുമെന്നാണ് പ്രതീക്ഷ.