കിണറ്റില്‍ വീണ കാളയെ രക്ഷപ്പെടുത്തി
1480461
Wednesday, November 20, 2024 5:14 AM IST
വേങ്ങര: വേങ്ങരയ്ക്കടുത്ത് ചേറൂരില്‍ കിണറ്റില്‍ വീണ കാളയെ മലപ്പുറം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചേറൂര് കണ്ണോത്ത് വീട്ടില്‍ സിദീഖിന്റെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലെ കിണറ്റിലാണ് ഇന്നലെ വൈകുന്നേരം കാള വീണത്. സമീപത്തെ ഫാമിലേക്ക് കൊണ്ടുവന്ന കാളയെ ലോറിയില്‍ നിന്ന് ഇറക്കുമ്പോള്‍ വിരണ്ടോടി അബദ്ധത്തില്‍ 25 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ. പ്രതീഷ് കുമാറും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ അബ്ദുള്‍ ജബ്ബാറും കിണറ്റിലിറങ്ങി കാളയെ ബെല്‍റ്റ് ധരിപ്പിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ചുകയറ്റി. കിണറ്റില്‍ രണ്ടാള് പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കിണറ്റില്‍ നിന്നാണ് കാളയെ ശ്രമകരമായി അഗ്നിരക്ഷാ സേനാംഗങ്ങള്‍ പുറത്തെത്തിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പോള്വര്ഗീസിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.സി. മുഹമ്മദ് ഫാരിസ്, നിപുന്‍, രാഹുല്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.എസ്. അര്ജുന്, ഹോം ഗാര്‍ഡ് അശോക് കുമാര്‍, വേണുഗോപാലന്‍, സി. രാജേഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.