പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; പരാതിക്കാരിക്കും അഭിഭാഷകനുമെതിരേ കേസ്
1480272
Tuesday, November 19, 2024 6:29 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ വികസനകാര്യസ്ഥിരംസമിതി അധ്യക്ഷനും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ബഷീര്‍ പ്രതിയായ കേസില്‍ പരാതിക്കാരിയായ അട്ടപ്പാടി സ്വദേശിനി കലാമണിക്കും അവരുടെ അഭിഭാഷകനായ അഡ്വ. ആര്. രഞ്ജിത്ത് മഞ്ചേരിക്കുമെതിരേ നിലമ്പൂര്‍ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതിനും ഗൂഢാലോചനക്കും ജാമ്യമില്ലാ വകുപ്പിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഞ്ചുവര്‍ഷം മുമ്പ് പരാതിക്കാരിയുടെ വീട് നിര്‍മാണത്തില്‍ പണംതട്ടിപ്പ് നടത്തി എന്ന പരാതിയില്‍ പി.എം. ബഷീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ അഗളി പോലീസ് കേസ് എടുത്തിരുന്നു. ആദിവാസി പീഡന നിരോധന നിയമപ്രകാരമായിരുന്നു കേസ്. കേസ് വിചാരണക്കെടുത്തപ്പോള്‍ തന്നെ, ചിലര്‍ ഗൂഢാലോചന നടത്തിയാണ് കേസില്‍ ഉള്‍പ്പെട്ടതെന്ന് കാണിച്ച് ബഷീര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് എസ്ടി കോടതി ആദിവാസി പീഡന നിരോധന നിയമത്തില്‍ നിന്ന് കേസ് ഒഴിവാക്കി അട്ടപ്പാടി മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് രണ്ട്മാസം മുമ്പ് ബഷീറിന്റെ പിതാവ് അബ്ദുള്ളക്കോയയുടെ ഫോണിലേക്ക് വിളിച്ച് എത്രയും പെട്ടെന്ന് കലാമണിക്ക് 15 ലക്ഷം രൂപ നല്‍കണമെന്നും കേസ് ഒഴിവാക്കിതരാമെന്നും പറഞ്ഞ് അഭിഭാഷകന് വിളിച്ചതായി പറയുന്നത്. ഇതേ തുടർന്ന് പിതാവ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്കി. പരാതി സ്വീകരിച്ചെങ്കിലും പോലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് അഡ്വ. എം.എച്ച്. ആസിഫ് മുഖേന നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് കേസ് എടുക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പലതവണ പരാതിക്കാരിയുടെ അഭിഭാഷകനായ തന്നെ അബ്ദുള്ളക്കോയ വിളിച്ച് കേസ് ഒത്തുതിര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും തന്നെ വിളിക്കേണ്ടെന്നും പരാതിക്കാരിയെ പോയി കണ്ട് കേസ് തീര്‍പ്പാക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അഭിഭാഷകനായ രഞ്ജിത്ത് മഞ്ചേരി പറഞ്ഞു.