വാടക ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍
1480465
Wednesday, November 20, 2024 5:14 AM IST
കൊളത്തൂര്‍: വാടക ക്വാര്‍ട്ടേഴ്സ് വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുള്ള ഗോഡൗണായി ഉപയോഗിച്ച മൊത്തവ്യാപാരിയായ പനങ്ങാങ്ങര സ്വദേശി പടിക്കാപറമ്പില്‍ സമീറി(34)നെ കൊളത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തു.
പുഴക്കാട്ടിരി പൈതല്‍പ്പടിയില്‍ ടര്‍ഫ് മൈതാനത്തിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തിലാണ് 27 ചാക്കുകളിലായി ഹാന്‍സ്, കൂള്‍ലിപ്പ്, പാന്‍മസാല തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനക്കായി ശേഖരിച്ചുവച്ചത്. സമീര്‍ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ ചില്ലറ വില്‍പ്പന നടത്തുന്നുണ്ടെന്നു ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം
ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സമീര്‍. തിങ്കളാഴ്ച രാത്രി സമീര്‍ പൈതല്പ്പടിയിലെ ക്വാര്‍ട്ടേഴ്സില്‍ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു.
ഇന്നലെ ക്വാര്‍ട്ടേഴ്സില്‍ പോലീസ് പരിശോധന നടത്തി സമീറിനെ അറസ്റ്റ് ചെയ്യുകയും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചുവച്ച കുറ്റത്തിന് 2020 ല്‍ പെരിന്തല്‍മണ്ണ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. 2023 ല്‍ കൊളത്തൂര്‍ പോലീസ് രണ്ടുകേസുകള്‍ സമീറിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുബീന, സിവില്‍ പോലീസ് ഓഫീസര്‍ അഭിജിത് എന്നിവരും ചേര്‍ന്നാണ് സമീറിനെ പിടികൂടിയത്.