കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു
1480263
Tuesday, November 19, 2024 6:29 AM IST
എടക്കര: വഴിക്കടവ് ആനമറിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ആനമറിയിലെ ഈന്തന്‍കുഴിയന്‍ യൂസുഫ്, സഹേദരന് മുഹമ്മദലി എന്നിവരുടെ കമുക്, തെങ്ങ് എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ഞായറാഴ്ച രാത്രി കാടിറങ്ങിയെത്തിയ കാട്ടാനകള്‍ കൃഷി നശിപ്പിച്ച ശേഷം ജനവാസകേന്ദ്രത്തിലെത്തി ഭീതിപരത്തിയാണ് മടങ്ങിയത്.
ഞായറാഴ്ച മാത്രം അഞ്ച് തെങ്ങുകളും നിരവധി കമുകുകളും നശിപ്പിച്ചു. പടക്കം പൊട്ടിച്ചും ബഹളംവച്ചും നാട്ടുകാര്‍ നടത്തിയ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനക്കൂട്ടം തിരികെ കാട് കയറിയത്. കര്‍ഷകരുടെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ കായ്ഫലമുണ്ടായിരുന്ന നിരവധി തെങ്ങുകളാണ് ഇതിനോടകം ആനക്കൂട്ടം നശിപ്പിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത്
നൂറുക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. പുലര്‍ച്ചെ മസ്ജിദുകളില്‍ നമസ്ക്കരിക്കാന്‍ പോകുന്നവര്‍, മദ്രസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍, ടാപ്പിംഗ് തൊഴിലാളികള്‍, നടക്കാനിറങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് കാട്ടാനകള്‍ വലിയ ഭീഷണിയാണ്. കാട്ടാനശല്യം ചെറുക്കാന്‍ ഈ മേഖലയില്‍ മൂന്ന് കിലോമീറ്റര്‍ ഭാഗത്ത് തൂക്ക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റ് മുതല്‍ ആനമറി വനം സ്റ്റേഷന് വരെയുള്ള ഭാഗത്തേക്ക് തൂക്ക് ഫെന്‍സിംഗ് ഇല്ലാത്തതാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ കാരണം.