ജില്ലാ ആശുപത്രിയിലെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
1480764
Thursday, November 21, 2024 6:13 AM IST
നിലമ്പൂര്‍: തൊണ്ണൂറ്റിയെട്ട് വയസുള്ള ലക്ഷ്മിഅമ്മക്കിനി ഇടുപ്പെല്ലിന്റെ വേദനയറിയാതെ ശിഷ്ടകാലം സുഖമായി കഴിയാം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വിജയകരമായി ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ലക്ഷ്മിഅമ്മ ഇന്നലെ വീട്ടിലേക്ക് മടങ്ങി.
ഇടുപ്പെല്ലിന്റെ വേദനയെ തുടര്‍ന്ന് പാലേമാട് കുന്നംപള്ളി ലക്ഷ്മിഅമ്മ (98) കഴിഞ്ഞ 12 നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിലെ ഓര്ത്തോവിഭാഗവും അനസ്തേഷ്യ വിഭാഗവും പരിശോധന നടത്തി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. ഈ പ്രായത്തില്‍ ശസ്ത്രക്രിയ വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ശസ്ത്രക്രിയ പരിപൂര്‍ണ വിജയമായിരുന്നുവെന്നും അവര്‍ വിശദമാക്കി. വീട്ടില്‍ സ്വന്തം കാര്യങ്ങളെല്ലാം സ്വയം ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്ന ലക്ഷമിഅമ്മക്ക് ഇടുപ്പെല്ലിന് വേദന വന്നാണ് ആശുപത്രിയിലെത്തിയത്. കുറച്ച് നാളത്തേക്ക് വിശ്രമം വേണ്ടിവരും. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഫാസില്‍, ഡോ. ശ്രീകാന്ത്, ഓര്‍ത്തോ വിഭാഗത്തിലെ ഡോ. മനോജ്, ഡോ. അബ്ദുള്‍ നിഷാദ്, ഡോ. അബ്ദുള്‍ റസാക്ക്, ഡോ. ഷാക്കിര്‍, ഹെഡ് നഴ്സ് കെ. സുധ, നഴ്സുമാരായ ജെനി മേരി, ബിനിമോള്‍, സിന്ധു ഡി. ടോം, ടെക്നീഷ്യന്മാരായ ഷഹര്‍ബാനു, പ്രഗുല്നാഥ്, നഴ്സിംഗ് അസിസ്റ്റന്റുമാരായ പി. ദീപ, ഇ. ശാന്ത, എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.