കരുവാരകുണ്ട് പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു
1480468
Wednesday, November 20, 2024 5:14 AM IST
കരുവാരകുണ്ട്: ജനസംഖ്യ വര്‍ധനവ്, ഭൂവിസ്തൃതി തുടങ്ങിയ ഘടകങ്ങളിലെല്ലാം ജില്ലയില്‍ മുന്നിട്ട് നില്ക്കുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നായ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. രണ്ടു വില്ലേജുകളിലായി 50,000ന് മുകളിലാണ് ഇവിടത്തെ ജനസംഖ്യ.
പുതിയ തദ്ദേശ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിന് സര്‍ക്കാര്‍ ആലോചിച്ച ഘട്ടങ്ങളിലെല്ലാം പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടതായിരുന്നു കരുവാരകുണ്ട്. ഗ്രാമപഞ്ചായത്ത് വിഭജനമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ആവശ്യം ശക്തമായ സമയത്തെല്ലാം പുതിയ പഞ്ചായത്തുകളുടെ രൂപീകരണം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നടക്കാതെ പോവുകയാണുണ്ടായത്.
തുവൂര്‍, കാളികാവ്, എടപ്പറ്റ ഗ്രാമപഞ്ചായത്തുകളും പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിനോടും അതിര്‍ത്തി പങ്കിടുന്നതാണ് കരുവാരകുണ്ട്. കഴിഞ്ഞ മൂന്നു തദ്ദേശ വാര്‍ഡ് വിഭജനഘട്ടത്തിലും പരമാവധി വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തായിരുന്നു കരുവാരകുണ്ട്. നിലവിലെ 21 വാര്‍ഡുകള്‍ ഇത്തവണ 24 ആകും. അതേസമയം സമീപ പഞ്ചായത്തുകളിലുള്ളതിനേക്കാള് ഓരോ വാര്‍ഡിലും കരുവാരകുണ്ടില്‍ പരമാവധി വോട്ടര്‍മാരാണുള്ളത്.
കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളാണ് ഗ്രാമപഞ്ചായത്തിലുള്ളത്. കേരള എസ്റ്റേറ്റ് വില്ലേജിലെ ഭാഗങ്ങള്‍ മുഴുവനായി ഉള്‍പ്പെടുത്തി കേരള എസ്റ്റേറ്റ് കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണക്കണമെന്നും വിഭജനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നുമാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം.