പലിശ നിരക്ക് വര്‍ധിപ്പിച്ച കേരള ബാങ്ക് നടപടി പിന്‍വലിക്കണം: കെസിഇഎഫ്
1479912
Sunday, November 17, 2024 10:43 PM IST
മലപ്പുറം :പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനും ആധുനിക സൗകര്യങ്ങള്‍ നല്കാന് പ്രാപ്തമാക്കാനും ആരംഭിച്ച കേരള ബാങ്ക് പ്രൈമറി സംഘങ്ങള്‍ക്കും ഓഹരി ഉടമകള്‍ക്കും ദിനംപ്രതി ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന് പറഞ്ഞു. കെസിഇഎഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 10.20 ശതമാനം മുതല്‍ 10.70 ശതമാനം വരെയായിരുന്നു കേരള ബാങ്കിന്റെ സാധാരണ വായ്പ പലിശനിരക്ക്. ഇത് തന്നെ പൊതുമേഖലാ ബാങ്കുകളുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. അപ്പോഴാണ് യാതൊരു നീതികരണവുമില്ലാതെ നവംബര്‍ 25 മുതല്‍ വായ്പകള്‍ക്ക് വീണ്ടും 0.75 ശതമാനം വര്‍ധനവ് വരുത്തി കേരള ബാങ്ക് 144ാം നമ്പര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
സഹകരണ ബാങ്കുകളുടെ വായ്പ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് റിസര്‍വ് ബാങ്കും രജിസ്ട്രാറും സംഘങ്ങളുടേത് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുമാണ്. എന്നാല്‍, കേരള ബാങ്കിന്റെ ഭരണ സമിതിയാണ് വായ്പ പലിശ നിരക്ക് ഉയര്‍ത്താന്‍ തീരുമാനമെടുത്തിട്ടുള്ളത്. ഫലത്തില്‍ കേരള ബാങ്ക് ഒരു ബ്ലേഡ് ബാങ്കായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോസ്റ്റ് ഓഫ് ഫണ്ടിലെ വര്‍ധനവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത് അംഗ സംഘങ്ങള്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത് കാരണം ബാങ്ക് നഷ്ടത്തിലാകുന്നെങ്കില് അതിന് പരിഹാരം വയ്പ,പലിശ നിരക്ക് വര്‍ധനയല്ല, പലിശ കുറഞ്ഞ കറന്റ് അക്കൗണ്ട്, സേവിംഗ് നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് വേണ്ടത്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വായ്പ ഇളവുകള്‍ നല്‍കുന്നത് പ്രാഥമിക സംഘങ്ങളാണ്. കേരള ബാങ്കില്‍ അംഗങ്ങളായ സംഘങ്ങള്‍ക്ക് വായ്പകള്‍ക്ക് യാതൊരുവിധ ഇളവുകളും നല്‍കുന്നില്ല. കടാശ്വാസം, പലിശ സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കിയത് വഴി സര്‍ക്കാരില്‍നിന്ന് കോടികളാണ് ഓരോ പ്രാഥമിക സംഘങ്ങള്‍ക്കും ലഭിക്കാനുള്ളത്. ഇതും പ്രൈമറി സംഘങ്ങളെ കാര്യമായി ബാധിക്കും. അതിനാല്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് പി.സി. ജയകുമാര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഷിയാജ്, ട്രഷറര്‍ അബ്ദുള്‍ അസീസ് കുറ്റിപ്പുറം, നൗഷാദ് വളാഞ്ചേരി, ഷീജ പോരൂര്‍, അനീഷ് വഴിക്കടവ്, കാസിം മുഹമ്മദ് ബഷീര്‍, ഷാജി ചുങ്കത്തറ, സി.കെ. അന്‍വര്‍, സബാദ് കരുവാരകുണ്ട്, രവികുമാര്‍ ചീക്കോട്, ഷംസുദീന്‍ പൂക്കിപ്പറമ്പ്, സത്യന് പുളിക്കല്‍, വേലായുധന് തച്ചിങ്ങാനാടം എന്നിവര്‍ പ്രസംഗിച്ചു.