ചെക്കുപോസ്റ്റുകള്ക്ക് സമീപം കാട്ടാനകള്‍ നിലയുറപ്പിക്കുന്നതു ഭീഷണിയാകുന്നു
1415533
Wednesday, April 10, 2024 5:12 AM IST
എടക്കര: വഴിക്കടവ് ആനമറി വനം, എക്സൈസ് ചെക്കുപോസ്റ്റുകള്ക്ക് സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം മേഖലയിലെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നു.
കുട്ടിയുള്‍പ്പടെ ആറെണ്ണം അടങ്ങുന്ന ആനക്കൂട്ടത്തെ കഴിഞ്ഞ ആറുദിവസമായി ഇവിടെ കാണപ്പെടുകയാണ്. രാത്രിയായാല്‍ ഇവ ആനമറി ജനവാസ കേന്ദ്രങ്ങളിലിറങ്ങി വ്യാപക കൃഷിനാശം വരുത്തുകയും ചെയ്യും. സന്ധ്യയായല്‍ ആനമറി, പൂവത്തിപ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
വനത്തില്‍ വെള്ളവും തീറ്റയും ഇല്ലാതായതോടെയാണ് ആനക്കൂട്ടത്തെ വനാതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിക്കുന്നതു കാണുന്നത്. വനം ചെക്കുപോസ്റ്റിലേക്ക് വനത്തിലെ ചോലയില്‍ നിന്നു വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിച്ചാണ് ആനകള്‍ വെള്ളം കുടിക്കുന്നത്.
രാവുംപകലും ഈ കാട്ടാനകള്‍ ചെക്കുപോസ്റ്റുകളുടെ പരിസരത്തുണ്ടാകും. ചില സമയങ്ങളില്‍ അന്തര്‍സംസ്ഥാന പാതയിലെ വാഹന യാത്രക്കാര്‍ക്ക് ആനകള്‍ ഭീഷണിയായി മാറാറുണ്ട്.
വനം ദ്രുതകര്‍മ സേനയും ചെക്കുപോസ്റ്റിലെ ജീവനക്കാരും ചേര്‍ന്നാണ് പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നത്.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെത്തിയ കാട്ടാനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ കൃഷ്ണന് എന്ന കര്ഷകന് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ചയും ആനക്കൂട്ടം എക്സൈസ് ചെക്കുപോസ്റ്റ് പരിസരത്തെ വനത്തിലാണ് തമ്പടിച്ചിരിക്കുന്നത്.
ആനകളെ തുരത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനം അധികൃതര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.