മങ്കടയിൽ 43 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1242994
Friday, November 25, 2022 12:06 AM IST
മങ്കട: വിൽപ്പനക്കായി കൊണ്ടുവന്ന 43 ഗ്രാം എംഡിഎംഎയുമായി യുവാവിനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിൽ വിശേഷദിനങ്ങളിലെ പാർട്ടികളിൽ യുവാക്കൾക്കിടയിൽ അതിമാരകമായ സിന്തറ്റിക് ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതു വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മങ്കട വെള്ളില നിരവിൽ വച്ചു 43 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി പട്ടർക്കുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസിനെ (27) മങ്കട എസ്ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് വാഹനം സഹിതം അറസ്റ്റ് ചെയ്തത്.
ബംഗളുരൂവിൽ നിന്നു വൻതോതിൽ എംഡിഎംഎ മലപ്പുറം ജില്ലയിലെത്തിച്ച് യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും വിൽപ്പന നടത്തുന്ന ജില്ലയിലെ പ്രധാന കണ്ണിയെയാണ് പിടിയിലായത്. വെള്ളില, മങ്കട തുടങ്ങിയ സ്ഥലങ്ങളിൽ വിൽപ്പനക്കായി വരുന്നതിനിടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്ഐ സി.കെ നൗഷാദിനോടൊപ്പം എസ്ഐ അനിൽകുമാർ, എഎസ്ഐമാരായ അബ്ദുൾ സലീം, എസ്സിപിഒ മുഹമ്മദ് ഫൈസൽ,മുഹമ്മദ് അഷ്റഫ്, സിപിഒമാരായ മുഹമ്മദ് സുഹൈൽ, ഷിനോജ്, റിജേഷ്, സമീർ, വനിത എസ്സിപിഒ ആമിന, വനിത സിപിഒ റീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.