പ്രവർത്തനമില്ലാതെ കാട്ടാക്കട ഖരമാലിന്യ സംസ്കരണ പ്ലാന്റ്
1599403
Monday, October 13, 2025 6:50 AM IST
കാട്ടാക്കട : ലക്ഷങ്ങൾ മുടക്കി, പക്ഷേ ഇനിയും പ്രവർത്തമില്ലാതെ ഖരമാലിന്യ സംസ്കരണ പ്ലാന്റ്. അമ്പൂരി മുതൽ വിളപ്പിൽ വരെയും അഗസ്ത്യവനത്തിലെ ആദിവാസി മേഖല മുതൽ തലസ്ഥാന അതിർത്തിവരെയുള്ള വിശാലമായ പ്രദേശത്തിന്റെ വാണിജ്യകേന്ദ്രമായിരുന്ന കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിന്റെ അവസ്ഥയാണിത്.
കാട്ടാക്കട താലൂക്കിലെ ഏറ്റവും വലുതും 200 വർഷത്തോളം പഴക്കമുള്ളതുമാണ് കാട്ടാക്കട മാർക്കറ്റ്. അവിടെയാണു നോക്കുകുത്തിയായി ഒടുവിൽ മണ്ണിൽ മൂടാൻ ഊഴം കാത്തു കിടക്കുന്ന പ്ലാന്റ് ഉള്ളത്. ദിനംപ്രതി മാർക്കറ്റിനുള്ളിൽ വൻതോതിലാണ് മാലിന്യം കുന്നുകൂടുന്നത്. കച്ചവടക്കാരുടേയും സമീപത്തെ കടകളിലേയും മാലിന്യങ്ങൾ എത്തുന്നത് ഇവിടയൊണ് കുന്നുകൂടുന്നത്. എന്നാൽ അതു സംസ്കരിക്കാത്തതു കാരണം വൻ ഭീഷണിയാണ് ഉയരുന്നത്.
മഴയത്ത് മാലിന്യങ്ങൾ ചീഞ്ഞ് ഒലിച്ചിറങ്ങി പ്രദേശത്ത് പുഴുക്കൾ നിറഞ്ഞിരുന്നു. തുടർന്നാണ് ചന്തയുടെ ഉടമസ്ഥരായ പൂവച്ചൽ പഞ്ചായത്ത് ഇവിടെ ഖരമാലിന്യ സംസ്ക്കാരണ പ്ലാന്റിനുള്ള സാഹചര്യം ആലോചിച്ചതും അതിനായി 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതും. തുടർന്ന് കെട്ടിടവും ഉപകരണങ്ങളും കൊണ്ടു വന്നു സ്ഥാപിച്ചു. എന്നാൽ മാലിന്യം സംസ്കരണത്തിനായി നിർമിച്ച കെട്ടിടം പോലും ഇതേവരെ തുറന്നിട്ടില്ല.
പ്ലാന്റിനായി കൊണ്ടുവന്ന ഉപകരണങ്ങൾ ഇപ്പോൾ മണ്ണു മൂടാൻ കാത്തിരിക്കുന്ന സ്ഥിതിയാണിപ്പോൾ. മാലിന്യങ്ങൾ നീക്കം ചെയ്യാനാകട്ടെ പഞ്ചായത്തിന് വേറെ സംവിധാനവുമില്ല. പഴയ പഞ്ചായത്ത് സമിതി സ്ഥാപിച്ച പദ്ധതിയോട് പുതിയ പഞ്ചായത്ത് സമിതി വിമുഖത കാട്ടുന്നുവെന്നു പരാതിയും നിലനിൽക്കുകയാണ്. വർഷം 25 ലക്ഷത്തോളം രൂപയുടെ നികുതി വരുമാനം എത്തിയിരുന്ന ചന്തയാണിത്.
അവിടെയാണ് ഖരമാലിന്യ പ്ലാന്റിന്റെ ഇന്നത്തെ നില ചർച്ചയാകുന്നത്. അതിനിടെ പത്ത് വർഷം മുമ്പ് കാട്ടാക്കട മാർക്കറ്റിനെ അന്താരാഷ്ട മാർക്കറ്റായി ഉയർത്തുന്നതിലേക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. കാട്ടാക്കട അന്താരാഷ്ട്ര മാർക്കറ്റായി ഉയർത്തുന്നതിനായി പ്രാഥമിക നടപടികളും ആരംഭിച്ചു. എന്നാൽ പിന്നീട് തർക്കങ്ങൾ വന്നതോടെ അന്താരാഷ്ട്ര മാർക്കറ്റ് എന്നത് ഫയലുകളിൽ കുരുങ്ങുകയും ചെയ്തു.