നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയറുമായി സുമയ്യ ആശുപത്രിവിട്ടു; ഇനി പോരാട്ടം നിയമത്തിന്റെ വഴിയിൽ
1599136
Sunday, October 12, 2025 6:39 AM IST
കാട്ടാക്കട: നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയറുമായി കാട്ടാക്കട കിള്ളി സ്വദേശി എസ്. സുമയ്യ ആശുപത്രി വിട്ടു. വലിയ പ്രതീക്ഷയോടെയാണ് ആശുപത്രിയിൽ എത്തിയതെന്നും ദുഃഖത്തോടെയാണ് മടങ്ങുന്നതെന്നും സുമയ്യ പറഞ്ഞു. അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും വേണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു.
ഗൈഡ് വയറിന്റെ രണ്ടറ്റവും രക്തധമനിയിൽ ഒട്ടിപ്പോയതു കൊണ്ട് എടുക്കാതിരിക്കുകുന്നതാണ് നല്ലതെന്നു ഡോക്ടർമാർ പറഞ്ഞതായി സുമയ്യ പറഞ്ഞു. അതുകൊണ്ട് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നതെന്നും സുമയ്യ പറയുന്നു.
രണ്ടര വർഷമായി സുമയ്യയുടെ ശരീരത്തിൽ കിടക്കുന്ന ഗൈഡ് വയർ പുറത്തെടുക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
ശരീരത്തിൽ കത്തീറ്റർ കടത്തി അതിൽ ഗൈഡ് വയറിനെ കുടുക്കി പുറത്തേക്ക് എടുക്കാനാണു ശ്രമിച്ചത്. പക്ഷേ, അതു ശരീരത്തിൽ നിന്നു വേർപെട്ടു പോന്നില്ല. രണ്ടു തവണ കത്തീറ്റർ കടത്തി ശ്രമിച്ചെങ്കിലും വിഫലമായി. തുടയിൽ നിന്നു കഴുത്തിനു താഴെ വരെ 70 സെന്റീ മീറ്റർ നീളത്തിലാണ് ഗൈഡ് വയർ കിടക്കുന്നത്.
ഇതു വയറിന്റെ താഴെയും വയറിലും കഴുത്തിന്റെ താഴെയും ഒട്ടിച്ചേർന്നിരിക്കുകയാണ്. ശക്തമായി വലിച്ചെടുത്താൽ ഗൈഡ് വയർ പൊട്ടാനോ ഒട്ടിച്ചേർന്നിരിക്കുന്ന ഞരമ്പിനു ക്ഷതമുണ്ടാകാനോ സാധ്യതയുള്ളതിനാൽ ഡോക്ടർമാർ അതു ചെയ്തില്ല.