ബൈബിള്‍ കൈയ്യെഴുത്തു പ്രതിയാക്കാനുള്ള ഉദ്യമവുമായി തുമ്പ ഇടവക
1599133
Sunday, October 12, 2025 6:39 AM IST
തിരുവനന്തപുരം: ഒരു മണിക്കൂര്‍ കൊണ്ട് ബൈബിള്‍ കൈയ്യെഴുത്തു പ്രതി തയാറാക്കാനുള്ള ഉദ്യമവുമായി തുമ്പ വിശുദ്ധ സ്നാപക യോഹന്നാന് ദേവാലയത്തിലെ ഇടവകാംഗങ്ങള്‍. ലോക സമാധാനം, കുടുംബങ്ങളിലെ ശാന്തി, ലഹരി മോചനം എന്നീ ലക്ഷ്യങ്ങളോടെയാണ് വിശുദ്ധ ബൈബിള്‍ മുഴുവന്‍ കൈയ്യെഴുത്തു പ്രതിയാക്കാന്‍ തയാറെടുക്കുന്നത്. ബൈബിള്‍ കൈയ്യെഴുത്ത് പുസ്തക ചരിത്രത്തില്‍ ആദ്യമായാണ് പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് വ്യത്യസ്തതയാര്‍ന്ന മുന്നൊരുക്കങ്ങളിലൂടെ മലയാളം പിഒസി ബൈബിളിന്റെ എല്ലാ അധ്യായങ്ങളും ആമുഖങ്ങളും ഒരു മണിക്കൂര്‍ കൊണ്ട് കൈയ്യെഴുത്ത് പ്രതിയാക്കുന്നത്.
തുമ്പ ഇടവക വികാരി ഫാ. ജോസ്മോന് ബെഞ്ചമിന്റെ നേതൃത്വത്തിലാണ് തിരുവെഴുത്ത് 2025 എന്ന ഈ മിഷന് പൂര്‍ത്തിയാക്കുന്നത്. ഇന്നു രാവിലെ 11ന് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആറു മുതല്‍ 83 വയസുവരെയുള്ള 986 ഇടവകാംഗങ്ങള്‍ ചേര്‍ന്നാണ് ബൈബിള്‍ ഒരു മണിക്കൂര്‍ കൊണ്ട് പകര്‍ത്തിയെഴുതുന്നത്.
ഓരോരുത്തര്‍ക്കും ബൈബിളിന്റെ നിര്‍ദിഷ്ട ഭാഗങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ഈ കൈയെഴുത്ത് ബൈബിള്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാളിന്റെ അവസാന ദിനമായ ഈ മാസം 28നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹ ബലിയില്‍ ബിഷപ്പ് സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍ ആശീര്‍വദിച്ച് പ്രകാശിപ്പിക്കും.
ഇടവക ദേവാലയത്തില്‍ സ്ഥിരപ്രതിഷ്ഠ നടത്തുന്ന ഈ കൈയ്യെഴുത്തു ബൈബിള്‍ സമാധാനത്തിന്റെയും മോചനത്തിന്റെയും ഒരു പുതിയ ഉഷസാകുമെന്നു പ്രത്യാശിക്കുന്നതായി തുമ്പ ഇടവക വികാരി ഫാ. ജോസ്മോനും ഇടവക സെക്രട്ടറി തങ്കച്ചന് എം. ഡിക്രൂസും അറിയിച്ചു.